കരിമണ്ണൂർ: മോഷ്ടിച്ച ബൈക്കുമായി ഉടുമ്പന്നൂരിന് സമീപം മോഷണത്തിനെത്തി വീടിന്റെ തിണ്ണയിൽ കിടന്നുറങ്ങിപോയ കള്ളനെ പൊലീസ് കൈയോടെ പിടികൂടി. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ച് മണിയോടെയാണ് കാരിക്കോട് താഴെത്തോട്ടിയിൽ ബിജു (പുള്ള് ബിജു- 40) കരിമണ്ണൂർ പൊലീസിന്റെ പടിയിലായത്. പാറേക്കവല നിരമ്പത്ത് സിനാജിന്റെ വീട്ടിലാണ് ഇയാൾ മോഷണത്തിനെത്തിയത്. കാരിക്കോട് ദേവീക്ഷേത്രത്തിന് സമീപം വെച്ചിരുന്ന ഉണ്ടപ്ലാവ് സ്വദേശി സജീറിന്റെ ബൈക്കാണ് മോഷണം പോയത്. പുലർച്ചെ തിണ്ണയിൽ ഒരാൾ കിടക്കുന്നത് കണ്ട സിനാജ് ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു. ഇവരെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് കള്ളൻ കുടുങ്ങുന്നത്.
കഴിഞ്ഞ ഒന്നിനാണ് സജീർ ബൈക്ക് വെച്ച ശേഷം തിരുവനന്തപുരത്തിന് പോകുന്നത്. ഇന്നലെ പുലർച്ചെ മടങ്ങിയെത്തിയപ്പോൾ ബൈക്ക് കാണാതാവുകയായിരുന്നു. ഇത് അന്വേഷിച്ച് വരുന്നതിനിടെയാണ് കരിമണ്ണൂർ പൊലീസിന്റെ വിളിയെത്തുന്നത്. ഇതോടെ ഇയാൾ സ്റ്റേഷനിലെത്തി വാഹനം തിരിച്ചറിഞ്ഞു. പ്രതിക്കെതിരെ ബൈക്ക് മോഷണത്തിന് കേസെടുത്ത പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി. പ്രതിക്കെതിരെ നേരത്തെയും വിവിധ സ്റ്റേഷനുകളിൽ മോഷണത്തിന് കേസുണ്ട്.