തൊടുപുഴ: ഒരു കാലത്ത് മലയാളിക്ക് തൃപ്തിയാകണമെങ്കിൽ നല്ല തൂശനിലയിൽ തന്നെ ചോറുണ്ണണം. ഇന്ന് കേരളകോൺഗ്രസിന്റെ രണ്ടിലയേക്കാൾ ഡിമാന്റാണ് നല്ല തൂശനിലയ്ക്ക്. പുരകത്തുമ്പോൾ വാഴ വെട്ടിയ മലയാളിക്ക് പക്ഷേ, ഇലയില്ലാതെ ഓണ സദ്യ ഇറങ്ങില്ലല്ലോ. പേപ്പർ വാഴയില വന്നെങ്കിലും നാടൻ തൂശനിലയ്ക്ക് ഇന്നും ആവശ്യക്കാരേറെയാണ്. പതിവുപോലെ അതിനും അന്യനാടിനെ ആശ്രയിക്കണമെന്ന് മാത്രം. തമിഴ്‌നാട്ടിൽ നിന്നുള്ള വാഴയിലകളാണ് ഇപ്പോൾ കേരളത്തിലെ പന്തികളിൽ മുൻപന്തിയിൽ. ജില്ലയിലെ മാർക്കറ്റുകളിൽ ഓണ നാളുകളിൽ അയ്യായിരത്തിനും ആറായിരത്തിനും ഇടയിൽ തൂശനില ചെലവാകുമെന്ന് കച്ചവടക്കാർ പറയുന്നു. തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം, തൂത്തുക്കുടി എന്നിവിടങ്ങളിൽ നിന്നു വരുന്ന വാഴയിലകൾക്കാണ് ഡിമാൻഡ്. ഓണത്തിന്റെ ഇല വിപണി മുന്നിൽ കണ്ട് വളരെ ശാസ്ത്രീയമായാണ് തമിഴ്‌നാട്ടിലെ വാഴകൃഷി. കേരളത്തിലെ കർഷകർ കുലച്ച തള്ളവാഴയുടെ ചുവട്ടിൽ രണ്ടോ മൂന്നോ കന്നുവാഴകൾ മാത്രം നിരത്തി ബാക്കി നശിപ്പിക്കുമ്പോൾ, തമിഴ്‌നാട്ടിൽ എട്ട് കന്നുവാഴകൾ വരെ വളമിട്ട് നനച്ചു വളർത്തും.
ഓണപരിപാടികളോടനുബന്ധിച്ചുള്ള സദ്യക്ക് കോളേജുകളിലേക്കും മറ്റും വാഴയിലകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്തിട്ടുണ്ട്. ഓണ നാളുകളിൽ ഹോട്ടലുകളിലും വാഴയിലയിൽ സദ്യ വിളമ്പാൻ തീരുമാനിക്കുന്നത് വിപണിയെ സജീവമാക്കാറുണ്ട്.
ഒരു തൂശനില വില- 2 മുതൽ 3 രൂപ വരെ
ഡിമാൻഡ് ഇവയ്ക്ക്- ഞാലിപ്പൂവൻ, പാളയംകോടൻ, കണ്ണൻ ഇലകൾക്ക്
ഓണനാളിൽ ജില്ലയിലെ വിൽപ്പന- 5000- 6000 വരെ