മൂലമറ്റം: പ്രളയത്തിൽ തകർന്ന മൂലമറ്റം - പുള്ളിക്കാനം - വാഗമൺ റോഡ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ്.എം.പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. റോഡ് പുനർനിർമ്മിക്കാത്തതിനെ തുടർന്ന് തൊടുപുഴ കാർഷിക ഗ്രാമവികസന ബാങ്ക് അംഗം പുഷ്പ കുമാർ, അറക്കുളം ആസ്കോ ബാങ്ക് ഡയറക്ടർ ബോർഡംഗം സാം പുളിക്കൽശേരിൽ, കോൺഗ്രസ് എടാട് ബൂത്ത് പ്രസിഡൻറ് ജോസ് മെലയ്ക്കൽ, ടോം മൂഴയിൽ എന്നിവർ അദാലത്ത് കോടതിയിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം.വിദ്യാർഥികൾ ഉൾപ്പടെയുള്ള പ്രദേശവാസികൾ തങ്ങളുടെ യാത്രാദുരിതം ജഡ്ജിനെ ധരിപ്പിച്ചു. ഇതെ തുടർന്ന് ജഡ്ജ് സ്ഥലത്ത് നിന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെടുകയും റോഡ് ഉടൻ നന്നാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. ഒക്ടോബർ 12 ന് നടക്കുന്ന ലോക് അദാലത്തിൽ ഹാജരാകാൻ പരാതിക്കാർക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും നോട്ടീസ് അയക്കുമെന്ന് സബ് ജഡ്‌ജ്‌ പറഞ്ഞു.