തൊടുപുഴ: കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചതിനെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതകുരുക്കുണ്ടായി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ മൂപ്പിൽക്കടവ് മങ്ങാട്ടുകവല ബൈപ്പാസിൽ കാഞ്ഞിരമറ്റം ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയത്ത് നിന്ന് തൊടുപുഴയ്ക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് കാറിനെ മറി കടക്കാൻ ശ്രമിക്കുന്നതിനിടെ പിൻഭാഗം വാഹനത്തിൽ ഇടിക്കുകയായിരുന്നു. കാറോടിച്ചിരുന്ന കരിമ്പൻ സ്വദേശി ഡൊമിനിക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന്റെ മുൻ ഭാഗത്തെ ടയറും ലൈറ്റും ബംബറും തകർന്നു. കാറുടമ കെ.എസ്.ആർ.ടി.സി ജീവനക്കാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെ വാക്കുതർക്കമായി. വാഹനങ്ങൾ റോഡിൽ തന്നെ കിടന്നതോടെയാണ് തിരക്കേറിയ ജംഗ്ഷനിൽ ഏറെ നേരം ഗതാഗത തടസത്തിനിടയാക്കിയത്. തുടർന്ന് രണ്ടു വാഹനങ്ങളും പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നീട് കാറുടമ കേസില്ലെന്നറിയിച്ചതോടെ വാഹനങ്ങൾ പൊലീസ് വിട്ടയച്ചു.