തൊടുപുഴ: നഗരത്തിലെ പാലത്തിൽ നിന്ന് തൊടുപുഴയാറ്റിലേയ്ക്ക് ചാടാൻ ശ്രമിച്ച സത്രീയെ ടാക്‌സി ഡ്രൈവർമാരുടെ സമയോചിത ഇടപെടൽമൂലം രക്ഷിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. കരിമണ്ണൂർ സ്വദേശിനിയായ സ്ത്രീ നഗരസഭ പാർക്കിന് സമീപം നടപ്പാലത്തിന് അടിയിലെ ഇരുമ്പു കേഡറിലൂടെ നടന്നു നീങ്ങുന്നത് ഗാന്ധിസ്‌ക്വയറിന് സമീപത്തെ പഴയ ബസ്റ്റാൻഡിൽ ഉണ്ടായിരുന്ന ടാക്‌സി ഡ്രൈവർമാർ കണ്ടത്. ഡ്രൈവർമാർ ഉച്ചത്തിൽ വിളിക്കുകയും ഇരുമ്പു കേഡറിന് എതിർദിശയിലൂടെ ഇവർക്കരുകിലൂടെ എത്തി താഴെയെത്തിക്കുകയുമായിരുന്നു. ഇതിനുള്ളിൽ തൊടുപുഴ പൊലീസും അഗ്നിശമന സേനാ വിഭാഗത്തിലെ സ്‌കൂബാ ടീമും സ്ഥലത്തെത്തിയിരുന്നു. തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ പിന്നീട് സഹോദരനൊപ്പം പറഞ്ഞയക്കുകയായിരുന്നു. രണ്ടു ദിവസം മുമ്പ് ഇവിടെ പാലത്തിൽ നിന്ന് ചാടിയ യുവതിയെ അന്യസംസ്ഥാന തൊഴിലാളികൾ ചേർന്ന് രക്ഷിച്ചിരുന്നു.