തൊടുപുഴ: മൂന്നാറിന്റെ ടൂറിസം സാദ്ധ്യതകളെ ലോകസഞ്ചാരികൾക്ക് മുന്നിൽ പരിചയപ്പെടുന്നതിന് ടൂറിസം വകുപ്പിന്റെ സഹകരണതതോടെ മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സ് നടത്തുന്ന മൂന്നാർ ട്രാവൽ മാർട്ട് ഇന്ന് മുതൽ എട്ട് വരെ മൂന്നാറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബിസിനസ് ടു ബിസിനസ് മീറ്റിനും ഡെസ്റ്റിനേഷൻ ടൂറിനും പ്രാധാന്യം നൽകികൊണ്ട് നടത്തുന്ന പരിപാടിയിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമായി ടൂർ ഓപ്പറേറ്റർമാരും എഴുത്തുകാരും ബ്ലോഗർമാരും ഉൾപ്പെടെ 400 പേർ പങ്കെടുക്കും. വിദേശികളായ ബ്ലോഗർമാർ ടൂറിസം വകുപ്പിന്റെ പ്രത്യേക ക്ഷണിതാക്കളായാണെത്തുക. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏഴിന് രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം. മണി മുഖ്യാതിഥിയായിരിക്കും. എസ്. രാജേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി വിശിഷ്ടാതിഥിയായി പങ്കെടുക്കും. ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ ബാലകിരൺ, ദേവികുളം സബ്‌കളക്ടർ ഡോ. രേണുരാജ്, കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം, മൂന്നാർ കാറ്ററിംഗ് കോളേജ് ചെയർമാൻ ടിസാൻ തച്ചങ്കരി, മൂന്നാർ ട്രാവൽമാർട്ട് ചെയമാൻ വിമൽറോയ്, എം.ഡി.എം പ്രസിഡന്റ് വർഗീസ് ഏലിയാസ് എന്നിവർ പ്രസംഗിക്കും. മൂന്നാർ ഫൈവ് നൈറ്റ് ഡെസ്റ്റിനേഷൻ എന്ന വിഷയത്തിൽ എം.ഡി.എം രക്ഷാധികാരി ശൈലേഷ് നായർ, വൈൽഡ് ലൈഫ് പ്രവർത്തനങ്ങളെപ്പറ്റി പറ്റി മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി, ഡി.ടി.പി.സി മൂന്നാർ നടത്തുന്ന പ്രവർത്തനങ്ങളെപ്പറ്റി സെക്രട്ടറി ജയൻ പി. വിജയൻ എന്നിവർ പ്രസന്റേഷൻ നടത്തും. ചടങ്ങിൽ എം.ഡി.എം പുറത്തിറക്കുന്ന മൂന്നാർ പ്രമോഷൻ വീഡിയോയുടെ പ്രകാശനം ടൂറിസം സെക്രട്ടറി റാണി ജോർജ് നിർവഹിക്കും. അതിഥികളായെത്തുന്ന ടൂർ ഓപ്പറേറ്റർമാർക്ക് മുന്നിൽ മൂന്നാറിന്റെ സാദ്ധ്യതകൾ വിശദീകരിച്ചുകൊണ്ടുള്ള ബി ടൂ ബി മീറ്റ് ഉച്ചയ്ക്ക് രണ്ട് മുതൽ നടക്കും. എട്ടിന് രാവിലെ മുഴുവൻ അതിഥികളുമായി ഡെസ്റ്റിനേഷൻ ടൂറുകൾ നടത്തുമെന്ന് ട്രാവൽ മാർട്ട് ചെയർമാൻ വിമൽ റോയ്, പ്രസി‌ഡന്റ് വർഗീസ് ഏലിയാസ്, ജനറൽ സെക്രട്ടറി അബ്ബാസ് പുളിമൂട്ടിൽ എന്നിവർ പറഞ്ഞു.