കട്ടപ്പന: ലബ്ബക്കട- കട്ടപ്പന ആദ്യകാല റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായതോടെ പ്രദേശവാസികൾക്ക് ദുരിതം. ലബ്ബക്കട സിറ്റിയിൽ നിന്ന് കാഞ്ചിയാർ പഞ്ചായത്തിന് മുമ്പിലൂടെയുള്ള ഈ റോഡ് പഞ്ചായത്ത് സ്ഥാപിതമാകുന്നതിനും മുമ്പുള്ളതാണ്. കാഞ്ചിയാർ പഞ്ചായത്തിലെ നാലാം വാർഡിലൂടെ കടന്നു പോകുന്ന ഈ റോഡ് അഞ്ഞൂറോളം കുടുംബങ്ങൾ യാത്രക്കായി ആശ്രയിക്കുന്നു. 20 വർഷങ്ങൾക്ക് മുമ്പ് ടാർ ചെയ്ത റോഡിൽ ഭൂരിഭാഗം സ്ഥലത്തും ടാറിംഗ് പൊളിഞ്ഞ് വലിയ കുണ്ടും കുഴിയുമായി. ഇതുവഴി പോകുന്ന ഇരുചക്ര വാഹനയാത്രികർ അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്. കഴിഞ്ഞ ആഴ്ച കേറ്ററിംഗ് തൊഴിലാളിയായ അമൽ സഞ്ചരിച്ച ബൈക്ക് റോഡിലെ കുഴിയിൽ വീണ് മറിയുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ലബ്ബക്കട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ചികിത്സ ഇപ്പോഴും പൂർത്തിയായിട്ടില്ല. റോഡിന് വീതി കുറവായതിനാൽ ചെറുവാഹനങ്ങൾക്ക് വരെ പരസ്പരം കടന്നുപോകുന്നത് ബുദ്ധിമുട്ടാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ സിറിയക് തോമസ് ഒരു കിലോമീറ്റർ ടാർ ചെയ്യുന്നതിന് 15 ലക്ഷം രൂപ അനുവദിച്ചിരുന്നു. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ് നന്നാക്കാത്തതിനാൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
എളുപ്പ വഴി അവഗണിച്ചു
കട്ടപ്പനയ്ക്കുള്ള പുതിയ റോഡ് വന്നതോടെ പാലാക്കടയിൽ ചെന്ന് അവസാനിക്കുന്ന ഈ റോഡ് അവഗണിക്കപ്പെടുകയായിരുന്നു. അഞ്ചുരുളി, പേഴുംകണ്ടം, പുതിയപാലം തുടങ്ങിയ സ്ഥലങ്ങളിലെ യാത്രക്കാർ ആശ്രയിക്കുന്ന എളുപ്പമുള്ള ഒരു പാതയാണിത്.