തൊടുപുഴ: ഭിന്നശേഷിക്കാരുടെ ട്വന്റി ട്വന്റി ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ച അനീഷ് പി. രാജനെ ലയൺസ് ക്ലബ് ഓഫ് തൊടുപുഴ എലൈറ്റ് സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ മുൻസിപ്പൽ മൈതാനിയിൽ നടക്കുന്ന യോഗം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ലബ് പ്രസിഡന്റ് ജോമോൻ ജേക്കബ് അദ്ധ്യക്ഷനാകും. ഡീൻ കുര്യാക്കോസ് എം.പി അനീഷിനെ ആദരിക്കും. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ബേബി, ബേസിൽ തമ്പി, ക്രിക്കറ്റ് പരിശീലകൻ റോബിൻ മേനോൻ എന്നിവർ മുഖ്യാതിഥികളാകും. വാർത്താസമ്മേളനത്തിൽ ലയൺസ് ക്ലബ് ഒഫ് തൊടുപുഴ എലൈറ്റ് പ്രസിഡന്റ് ജോമോൻ ജേക്കബ്, ലയൻസ് ക്ലബ് ഡിസ്ട്രിക്ട് ക്യാബിനെറ്റ് മെമ്പർ ഡോ. സുദർശൻ, ലയൺസ് ക്ലബ് ഓഫ് തൊടുപുഴ എലൈറ്റ് ചാർട്ടർ പ്രസിഡന്റ് റോയി പുത്തൻകുളം, ജെയിംസ് ടി. മാളിയേക്കൽ, ഷിജു തോമസ് എന്നിവർ പങ്കെടുത്തു.