തൊടുപുഴ: 16-ാമത് സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ഇന്നും നാളെയും മലങ്കര എസ്റ്റേറ്റിലെ ആശുപത്രിപ്പടിയിൽ നടത്തും. എല്ലാ ജില്ലകളിൽ നിന്നുമായി നാനൂറോളം കായികതാരങ്ങളും ഒഫീഷ്യൽസും ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ഇടവെട്ടി പഞ്ചായത്ത്, മലങ്കര എസ്റ്റേറ്റ്, സ്‌പോർട്‌സ് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ ജില്ലാ സൈക്ലിംഗ് അസോസിയേഷനാണ് മത്സരം നടത്തുന്നത്. ചതുപ്പുകളും മലകളും താണ്ടിയുള്ള സൈക്ലിംഗിലെ ഏറ്റവും സാഹസിക ഇനമാണ് ഈ ഒഫ് റോഡ് മൗണ്ടൻ സൈക്ലിംഗ് മത്സരം. ദേശീയ താരങ്ങൾ ഉൾപ്പെടെയുള്ളവർ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. പി.ജെ. ജോസഫ് എം.എൽ.എ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങൾ നടത്തും. ഒമ്പതിന് ഉച്ചയ്ക്ക് നടത്തുന്ന സമാപനസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് സമ്മാനദാനം നിർവഹിക്കും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം കെ.എൽ. ജോസഫ്, സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ ഭാരവാഹികളായ എസ്.എസ്. സുധീഷ്‌കുമാർ, ബി. ജയപ്രസാദ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകും. അന്തർദേശീയ സൈക്ലിംഗ് താരങ്ങളായ കെസിയ വർഗീസ്, അലൻ ബേബി, മഹിത മോഹൻ എന്നിവരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ, ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോർലി കുര്യൻ, ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി എ.പി. മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.