തൊടുപുഴ: ഓണത്തിന് വയറ് ചീത്തയാകാതെ നല്ല ഭക്ഷണം മാത്രമാണ് ലഭ്യമാകുന്നതെന്ന് ഉറപ്പുവരുത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഓണം സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കി. പരിശോധനയിൽ പല ഹോട്ടലുകളിലും രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടു. അജിനോ മോട്ടോയും ഭക്ഷ്യ യോഗ്യമല്ലാത്ത റോസ് വാട്ടർ പോലുള്ള രാസവസ്തുക്കളും ചേർക്കുന്നുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷ്യ വസ്തുക്കൾ പല കടകളിൽ നിന്നും കണ്ടെത്തി. ഹോട്ടലുകളിലെ ഫ്രീസറുകളിൽ പലതും വൃത്തിഹീനമായിരുന്നു. പാകം ചെയ്തതും ചെയ്യാത്തതും പച്ചക്കറികളും മൽസ്യമാംസാദികളും ഒരുമിച്ചു സൂക്ഷിച്ചിരിക്കുന്നതായി കണ്ടു. പല ഫ്രീസറുകളും മതിയായ ഉഷ്മാവിലല്ല പ്രവർത്തിച്ചിരുന്നത്. ഓണത്തിന് താത്കാലിക ഭക്ഷ്യ സ്റ്റാളുകൾ നടത്താൻ ഉദ്ദേശിക്കുന്നവർ ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ/ലൈസൻസ് എടുത്തിരിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദ്ദേശിച്ചു. രജിസ്‌ട്രേഷൻ ഇല്ലാത്തവരെ വിൽപ്പന നടത്താൻ അനുവദിക്കുന്നതല്ല. ഓണക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ്/ രജിസ്‌ട്രേഷൻ നമ്പർ ഇല്ലാത്തതെങ്കിൽ വിവരം ഫുഡ്‌സേഫ്റ്റി ഓഫീസറെയോ ജില്ലാ അസി.കമ്മീഷണറുടെ കാര്യാലയത്തിലോ അറിയിക്കണം. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികൾ പരിഹരിക്കുന്നതിലേക്കായി ഓണം അവധി ദിവസങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രവർത്തിക്കും.
സ്‌പെഷ്യൽ സ്‌ക്വാഡ് ഇതുവരെ
പരിശോധിച്ച സ്ഥാപനങ്ങൾ- 118
ലബോറട്ടറി പരിശോധനയ്ക്കെടുത്ത സാമ്പിളുകൾ- 28
നോട്ടീസ് നൽകിയ സ്ഥാപനങ്ങൾ- 36
പിഴ ഈടാക്കിയ സ്ഥാപനങ്ങൾ- 24
ഈടാക്കിയ പിഴ- 96,000 രൂപ
പഴകിയ മീൻ പിടിക്കുന്നത് പതിവ്
തൊടുപുഴയിൽ നിന്ന് ചീഞ്ഞ മീൻ പിടിക്കുന്ന സംഭവം പുതുമയല്ലാതായി. കഴിഞ്ഞ ദിവസം തൊടുപുഴയിലെ രണ്ട് മത്സ്യ വില്പനശാലകളിൽ നിന്ന് 42 കിലോയോളം പഴകിയ മീൻ പിടിച്ചെടുത്തു നശിപ്പിച്ചു. ഈ കടകൾക്കു നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു.
പരാതികളറിയിക്കാം
ഫുഡ് സേഫ്റ്റി കമ്മിഷണറുടെ ടോൾ ഫ്രീ നമ്പർ- 18004251125
ഇടുക്കി അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മിഷണറുടെ നമ്പർ- 8943346186
ഫുഡ് സേഫ്റ്റി ഓഫീസർ, തൊടുപുഴ സർക്കിൾ- 8943346544
ഫുഡ് സേഫ്റ്റി ഓഫീസർ, പീരുമേട് സർക്കിൾ- 8943346545
ഫുഡ് സേഫ്റ്റി ഓഫീസർ, ദേവികുളം സർക്കിൾ- 8943346546
ഫുഡ് സേ്ര്രഫി ഓഫീസർ, ഇടുക്കി സർക്കിൾ- 7593873302
ഫുഡ് സേ്ര്രഫി ഓഫീസർ, ഉടുമ്പൻചോല സർക്കിൾ- 7593873304