ഇടുക്കി : ജില്ലയിലെ ഭൂരഹിതർക്കു കൈത്താങ്ങായി തേയില എസ്റ്റേറ്റ് കമ്പനിയും. പീരുമേട് കോഴിക്കാനം ബഥേൽ എസ്റ്ററ്റ് ആണ് ഹൈറേഞ്ചിലെ തേയിലത്തോട്ടങ്ങൾക്കു മാതൃകയായത്. എസ്റ്റേറ്റ് ഉടമയും മാനേജിംഗ് ഡയറക്ടറുമായ തോമസ് മാത്യു തന്റെ തോട്ടത്തിൽ നിന്ന് അഞ്ച് ഏക്കർ സമർപ്പിച്ച് കേരളത്തിന്റെ പുനർനിർമാണ പദ്ധതിയിൽ പങ്കാളിയായി. വ്യാഴാഴ്ച ഇതു സംബന്ധിച്ച സമ്മത പത്രം കമ്പനി എംഡി തോമസ് മാത്യുവും ഭാര്യ ജെസിയും ചേർന്ന് ഇ. എസ്. ബിജിമോൾ എം എൽ എയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ എച്ച്. ദിനേശനു കൈമാറി. ഇ. എസ്. ബിജിമോൾ എംഎൽഎ കമ്പനി മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഭൂമി കൈമാറ്റം. കോഴിക്കാനം എസ്റ്റേറ്റിലെ കിളിപാടിയിലാണ് ഭൂമി വിട്ടുനൽകുന്നത്.
ഏറ്റവും കൂടുതൽ പേർ പ്രളയത്തിന് ഇരകളായ ഏലപ്പാറ, മഞ്ചുമല, പെരിയാ മേഖലയിലെ ഭൂരഹിതർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഭൂമിയുടെ ലഭ്യത.

കഴിഞ്ഞ 13 വർഷമായി ഹൈറേഞ്ച് മേഖലയിൽ ഭൂരഹിതർക്കു സ്ഥലം അനുവദിച്ചുകിട്ടുന്നതിനായി നടത്തിയ ശ്രമങ്ങളാണ് ഇപ്പോൾ യാഥാർഥ്യമാകുന്നതെന്ന് ഇ. എസ്. ബിജിമോൾ എം എൽ എ പറഞ്ഞു.
ഉരുൾപൊട്ടൽ മേഖലയിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ജില്ലയിൽ സൗജന്യമായി ഭൂമി ലഭിക്കാനുള്ള സാധ്യത ജില്ലാ ഭരണകൂടം തേടിയതെന്നു ജില്ലാ കളക്ടർ എച്ച്. ദിനേശൻ പറഞ്ഞു. ഏറെപ്പേർ ഭൂമി നൽകാനുള്ള വാഗ്ദാനവുമായി മുന്നോട്ടുവന്നിട്ടുൺെണ്ടന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കാനം എസ്റ്റേറ്റ് ബംഗ്ളാവിൽ ചേർന്ന യോഗത്തിൽ അഴുതബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് സണ്ണി, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷാജി പൈനാടത്ത്, ബ്‌ളോക്ക് പഞ്ചായത്തംഗം ജയ മോഹൻദാസ്, വൺണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്. പി. രാജേന്ദ്രൻ, ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേന്ദ്രൻ, പീരുമേട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് അലക്സ് ഓടയ്ക്കൽ, പീരുമേട് തഹസിൽദാർ എം. കെ. ഷാജി, വില്ലേജ് ഓഫീസർമാരായ പി. എൻ. ബീനമോൾ, സി. രാജപ്പൻ, വി. എം. സുബൈർ, പ്രീതാകുമാരി, ബഥേൽ എസ്റ്റേറ്റ് ജനറൽ മാനേജർ കെ. കെ. രാജൻ, തൊടുപുഴ മുൻ മുനിസിപ്പൽ ചെയർമാൻ ബാബു പരമേശ്വരൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗൾഫിൽ ബിസിനസ് നടത്തിവരുകയാണ് കമ്പനി എംഡി പത്തനംതിട്ട മൈലപ്ര സ്വദേശിയായ തോമസ് മാത്യു. 1500 ഓളം തൊഴിലാളികൾ ബഥേൽ എസ്റ്റേറ്റിൽ ജോലി ചെയ്യുന്നുണ്ടൺ്. ഇവരുൾപ്പെടെ ഭൂരഹിതരുടെ സ്ഥിതി മനസിലാക്കിയാണ് ഭൂമി നൽകാൻ തയാറാതെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് സെന്റ് അധികമായി നൽകി

കഴിഞ്ഞവർഷം പ്രളയത്തിനു ശേഷം ഭൂരഹിതർക്കായി മണിയാറൻകുടിയിൽ സ്ഥലം വിട്ടുനൽകിയ കോതമംഗലം കീരംപാറ ചിറായിൽ സെബാസ്റ്റ്യൻ സി. ജേക്കബ് രൺണ്ടുസെന്റ് ഭൂമി കൂടി അധികമായി നൽകി. ഇതു സംബന്ധിച്ച സമ്മതപത്രം വ്യാഴാഴ്ച അദ്ദേഹം ജില്ലാ കളക്ടർ എച്ച്. ദിനേശനു കൈമാറി. നേരത്തെ സെബാസ്റ്റ്യൻ ഒരു ഏക്കറാണ് നൽകിയിരുന്നത്. ഇവിടെ വെള്ളത്തിനു ദൗർലഭ്യം വന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സമീപഭൂമിയിൽ വെള്ള ലഭ്യതയുള്ള രണ്ട് സെന്റ് കൂടി നൽകിയത്. ഇവിടെ കിണർ നിർമിക്കാൻ കഴിയുന്നതോടെ കുടിവെള്ളക്ഷാമത്തിനു പരിഹാരമാകും.