hameed

ചെറുതോണി: ഗാന്ധിനഗർകോളനിയിൽ വീണ്ടു മണ്ണിടിച്ചിൽ ഭീഷണിയിൽ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ രണ്ടുകുടംബങ്ങളുടെ വീട് അപകടാവസ്ഥയിലായി.തോരണവിളയിൽ ശാംജോണിന്റെയും പുത്തൻപുരയ്ക്കൽ ശാന്തയുടെയും വീടുകളാണ് അപകടാവസ്ഥയിലായത്. ശാംജോണിന്റെ രണ്ടുനില വീടിന്റെ പിൻഭാഗത്ത് വിള്ളലുണ്ടായി, സംരക്ഷണഭിത്തി ഇടിഞ്ഞു. ഈ കെട്ടിടം തകർന്നാൽ തന്റെ ആയുഷ്‌കാല സമ്പാദ്യം നഷ്ടപ്പെടുമെന്ന് കുടുംബം പറയുന്നു. വിധവയായ ശാന്തയുടേയും വീടിന്റെ പിൻഭാഗത്തും മണ്ണിടിഞ്ഞ് വടിന്റെ ഭിത്തി വിണ്ടുകീറി ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ശാമിന്റെ വീട്ടിൽ ഭാര്യ ലിസിയും മക്കളും കൊച്ചുമക്കളുമടങ്ങുന്ന എട്ടുപേരാണ് താമസിക്കുന്നത്. രണ്ടുകുടുംബത്തേയും വാർഡുമെമ്പർ ജലാലുദ്ദീന്റെനേതൃത്വത്തിൽ ബന്ധുവീടുകളിലേയ്ക്ക്മാറ്റി.

മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ ഇവിടെ ഇനി വീടുകൾ നിർമിക്കുന്നത് റവന്യൂ വകുപ്പ് തടഞ്ഞിരിക്കുകയാണ്. ഈ വർഷവുംകോളനിയിൽ പല സ്ഥലങ്ങളിലും മണ്ണിടിഞ്ഞ് വീടുകൾ അപകടാവസ്ഥയിലായി. കഴിഞ്ഞമാസം വീടിന് പുറകിൽ മണ്ണിടിഞ്ഞ് ഗൃഹനാഥൻ മണ്ണിനടിയിൽപ്പെട്ടിരുന്നു. പുത്തൻവിളയിൽ ഹമീദാണ് മണ്ണിനടയിൽ പ്പെട്ടത്. രാവിലെയാണ് അപകടമുണ്ടായത്. ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തിയതിനാലാണ് അദ്ദേഹത്തെ രക്ഷപെടുത്താൻ സാധിച്ചത്. ഈ വീടിന് മുൻവശത്താണ് ശാംജോണിന്റെ വീട്. സമീപത്തുതന്നെയാണ് ശാന്തയുടെയും വീട്. ഉയരംകൂടിയ കട്ടിംഗാണ് അപകടമുണ്ടാക്കുന്നത്

കഴിഞ്ഞ പ്രളയത്തിന്റെ നടുക്കംമാറാതെ

.വാഴത്തോപ്പ് പഞ്ചായത്തിലെ 11ാം വാർഡിലാണ് ഗാന്ധിനഗർകോളനി.കോളനിയിൽ 560 കുടുംബങ്ങളിലായി 2400 ഓളംപേരാണ് താമസിക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയക്കെടുതിയിൽ ഏറ്റവുംകൂടുതൽ അപകടം സംഭവിച്ചതും ഗാന്ധിനഗർകോളനിയിലായിരുന്നു.കോളനിയിലെ ഒരു കുടുംബമൊഴിച്ചുമുഴുവനാളുകളും മാസങ്ങളോളം ക്യാമ്പുകളിലാണ് താമസിച്ചത്. ഉരുൾപൊട്ടലിൽ ആറുപേർ മരിക്കുകയും 38 വീടുകൾ പൂർണമായും നൂറോളം വീടുകൾ ഭാഗികമായും വാസയോഗ്യമല്ലാതായി. ഗാന്ധിനഗർകോളനിയിലുള്ള നൂറോളംപേർ ഇപ്പോഴും കെ.എസ്.ഇ.ബികോളനിയിലാണ് താമസിക്കുന്നത്.