തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ തമിഴ് നാട് വിരുതുനഗർ ജില്ലയിൽ തലവായിപരേം മുരുകന് (35) തൊടുപുഴ പോക്സോ കോടതി ജഡ്ജി കെ അനിൽ കുമാർ ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം. 2014മേയ് 25 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയെ പ്രതി ബലമായി വലിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിഴയായി ഈടാക്കുന്ന ഒരു ലക്ഷം രൂപ പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. എന്നാൽ തുക അപര്യാപ്തമാണെന്ന് കണ്ട കോടതി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് പെൺകുട്ടിയുടെ പുനരധിവാസത്തിന് ആവശ്യമായ നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്തു.കുമളി സി ഐ ആയിരുന്ന എസ്. ആഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി ബി വാഹിദ ഹാജരായി.