mammootty

നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആന്റ് ഷെയർ പദ്ധതിയുടെ പത്താമത് വാർഷികം തിങ്കളാഴ്ച്ച രാവിലെ 10 ന് എറണാകുളത്ത് പനമ്പള്ളി നഗറിലുള്ള ഓഡിറ്റോറിയത്തിൽ വച്ച് നടത്തും. വാർഷികത്തോടനുബന്ധിച്ച് കെയർ ആന്റ് ഷെയർ പദ്ധതി ഏറ്റെടുക്കുന്ന പുതിയ പദ്ധതി പ്രഖ്യാപനവും നടത്തും. 2009 ജൂലായ് മാസം എറണാകുളത്ത് വച്ചാണ് കെയർ ആന്റ് ഷെയർ പദ്ധതി ഉത്ഘാടനം ചെയ്തത്.മമ്മൂട്ടിയും സമാന ചിന്താഗതിക്കാരായ ഏതാനും വ്യക്തികളും തമ്മിൽ നടന്ന സൗഹൃദ സംഭാഷണത്തെ തുടർന്ന് അവിചാരിതമായിട്ടാണ് കെയർ ആന്റ് ഷെയർ പ്രസ്ഥാനം രൂപീകൃതമായത്. ചെറിയ പ്രവർത്തനങ്ങളുലൂടെ പ്രവർത്തനം ആരംഭിച്ച കെയർ ആന്റ് ഷെയർ പദ്ധതി പിന്നീട് നിരവധിയായ വികസന - ക്ഷേമ പ്രവർത്തനങ്ങളിലൂടെ വ്യവസ്ഥാപിതമായ പ്രസ്ഥാനമായി വളർന്നു.

പിന്നിട്ട ഒൻപത് വർഷങ്ങളിൽ പ്രത്യേകമായ അഞ്ചിനം പരിപാടികളാണ് കെയർ ആന്റ് ഷെയർ ലക്ഷ്യമിട്ടത്. (1) ഹൃദയ സ്പർശം :-പാവപ്പെട്ട ചെറിയ കുട്ടികളുടെ വൈകല്യമുള്ള ഹൃദയത്തിന്റെ ശാസ്ത്ര ക്രിയ പൂർണ്ണയും സൗജന്യമായി നടത്തികൊടുക്കുന്ന പദ്ധതി. ഈ പദ്ധതിയിലൂടെ 617 കുട്ടികളുടെ ഹൃദയ ശാസ്ത്രക്രിയ പൂർണ്ണമായും സൗജന്യമായി ചെയ്ത് കൊടുത്തു. തിരുവനന്തപുരം ശ്രീ ചിത്ര, കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജ്, കോഴിക്കോട്, എറണാകുളം ജില്ലകളിൽ ഹൃദയ സംബന്ധമായ ചികിത്സാ സൗകര്യങ്ങളുള്ള പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികൾ എന്നിവയുടെ സഹകരണത്തോടെയാണ് ഹൃദയസ്പർശം പദ്ധതി നടപ്പിലാക്കിയത്. (2) വഴികാട്ടി :- മദ്യം മയക്കുമരുന്ന് മറ്റ് ലഹരി വസ്തുക്കളിൽ നിന്ന് കുട്ടികളെയും യുവാക്കളെയും മോചിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിത്. സ്കൂൾ കോളജ് മറ്റുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിദഗ്ധരുടെ നേതൃത്വത്തിൽ ബോധവൽക്കരണങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണ സ്റ്റിക്കർ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് വഴികാട്ടി പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇതിന്റെ പ്രവർത്തനം നടന്നു. ഈ വർഷം മറ്റ് ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. (3) വിദ്യാമൃതം:-രജിസ്റ്റേർഡ് ഓർഫനേജുകളിൽ താമസിക്കുന്ന പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് അവസരം ഒരുക്കി നൽകുന്ന പദ്ധതിയാണിത്.ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ വിവിധ ഓർഫനേജുകളിലെ നിരവധി വിദ്യാർഥികൾ വിവിധ സ്ഥലങ്ങളിൽ ഉന്നത വിദ്യാഭ്യാസം ചെയ്ത് വരുന്നു. (4)സുകൃതം :- കിഡ്‌നി മാറ്റിവെക്കാൻ സഹായകമായ പദ്ധതിയാണിത്. കൊല്ലത്തുള്ള മെഡിക്കൽ കോളേജുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്.കിഡ്നി മാറ്റി വെക്കൽ ആവശ്യമുള്ള പാവപ്പെട്ട ഇരുപത്തഞ്ച് ആളുകൾക്ക് ഇത് വഴി സൗജന്യമായി കിഡ്നി മാറ്റി വെച്ച് നൽകാനായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യം വെച്ചിരുന്നത്, എന്നാൽ ആവശ്യക്കാർ കൂടുതലായതിനെ തുടർന്ന് അൻപത് ആളുകളുടെ കിഡ്നി മാറ്റി വെക്കൽ പൂർണ്ണമായും സൗജന്യമായി ഈ പദ്ധതിയിലൂടെ ചെയ്തു. (5) പൂർവ്വീകം :- ആദിവാസി വിഭാഗത്തിലുള്ള ആളുകളുടെ ആരോഗ്യം - വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടിയുള്ള ക്ഷേമ പ്രവർത്തനമാണിത്.

മൂന്നാർ, ഇടമലക്കുടി,പമ്പ, നെന്മാറ, നെല്ലിയാമ്പതി, അട്ടപ്പാടി തുടങ്ങിയ ആദിവാസി മേഖലകളിൽ മെഡിക്കൽ ക്യാമ്പ്, ബോധവൽക്കരണം, സെമിനാറുകൾ , ശില്പശാലകൾ, മറ്റ് ക്ഷേമ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. നെല്ലിയാമ്പതി ഫോറസ്റ്റ് ഡിവിഷനിലെ പ്ലസ്‌ടു വിദ്യാർത്ഥികൾക്ക് പി എസ് സി പരീക്ഷക്ക് പഠിക്കുന്നതിനുള്ള സൗകര്യം ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് നെല്ലിയാമ്പതി ഫോറസ്റ്റ് ഓഫീസിൽ അത്യാധുനിക സൌകര്യമുള്ള ലൈബ്രറി സൗകര്യം ചെയ്തു.നെല്ലിയാമ്പതി ഡി എഫ് ഒ യാണ് ലൈബ്രറിയാനായി പ്രവർത്തിക്കുന്നത്. കെയർ ആന്റ് ഷെയർ പദ്ധതിയുടെ രക്ഷാധികാരി നടൻ മമ്മൂട്ടിയാണ് കെയർ ആന്റ് ഷെയർ പദ്ധതിയുടെ രക്ഷാധികാരി. ചെയർമാൻ കെ മുരളീധരൻ , വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ, മാനേജിങ്ങ് ഡയറക്ടർ ഫാ: തോമസ് കുര്യൻ മരോട്ടിപ്പുഴ, മാനേജിങ്ങ് ട്രസ്റ്റി റോയ് മുത്തൂറ്റ്,എക്സിക്കുട്ടീവ് ഡയറക്ടർമാർ റോബർട്ട് കുര്യാക്കോസ്,ജോർജ് സെബാസ്റ്റ്യൻ, പി മോഹൻ, ബിജു ജേക്കബ്, കെ ആർ വിശ്വമ്പരൻ.