ചെറുതോണി: ജില്ലാ ആസ്ഥാനമായ പൈനാവിൽ നിന്ന് താന്നിക്കണ്ടം-പേപ്പാറ- മണിയാറൻകുടി- മുളകുവള്ളി വഴി അശോക കവലയിൽ എത്തിച്ചേരുന്ന റോഡ് റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിൽ പുനർനിർമ്മിക്കാൻ തീരുമാനം. ഭരണാനുമതി നൽകി ടെണ്ടർ നടപടികൾ പൂർത്തിയായി വരുന്നതായും റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു. കഴിഞ്ഞ പ്രളയത്തിൽ ഒട്ടേറെ ഭാഗങ്ങളിൽ റോഡ് ഒലിച്ചുപോയി കേടുപാടുകൾ സംഭവിച്ച റോഡാണിത്. ചെറുതോണിയിൽ നിന്ന് പൈനാവിലേക്കുള്ള റോഡ് പാറേമാവ് ഭാഗത്ത് വ്യാപകമായി ഇടിഞ്ഞതിനെ തുടർന്ന് കളക്‌ട്രേറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള ഗതാഗത മാർഗം പൂർണമായും ഇല്ലാതായിരുന്നു. ഇതോടെയാണ് ഒരു ബൈപാസ് റോഡ് കൂടി അടിയന്തരമായി പൂർത്തിയാക്കേണ്ട സാഹചര്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തുടർനടപടികൾ സ്വീകരിക്കുകയായിരുന്നു. വാഴത്തോപ്പ് പഞ്ചായത്തിലെ ഗ്രാമീണമേഖലകളിൽക്കൂടി കടന്നുപോകുന്ന ഈ റോഡ് പൂർത്തിയാകുന്നതോടെ പഞ്ചായത്തിന്റെ മുഖച്ഛായ തന്നെ മാറും.

നവീകരിക്കേണ്ട റോഡുകൾ ഏറെ

നിയോജക മണ്ഡലത്തിലെ അടിയന്തരമായി നവീകരിക്കേണ്ട ഇരുപതോളം റോഡുകളുണ്ട്. ഇവ നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മുഖേന റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു. ഗതാഗത തടസം രൂക്ഷമായ കൊന്നത്തടി, കട്ടപ്പന, കാഞ്ചിയാർ, അറക്കുളം, കുടയത്തൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ നിരവധി റോഡുകൾ കൂടി അടിയന്തരമായി നവീകരിക്കേണ്ടതായിട്ടുണ്ട്. എന്നാൽ ഇടുക്കിയിലെ നാമമാത്രമായ റോഡുകളാണ് നവീകരണത്തിന് തുക അനുവദിച്ചിട്ടുള്ളത്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ളതും ത്രിതല പഞ്ചായത്തുകളുടെ കീഴിലുള്ളതുമായ തകർന്ന റോഡുകൾ അടിയന്തരമായി നവീകരിക്കുന്നതിന് തുക അനുവദിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.