കുടയത്തൂർ: കോളപ്ര ഭാഗത്ത് മോഷണം പതിവാകുന്നു. വെള്ളിയാഴ്ച രാത്രിയിൽ കോളപ്ര കളരി പരദേവതാ ക്ഷേത്രം, മണലേൽ ബിജുവിന്റെ കട, എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ മോഷണം നടന്നിരുന്നു. കളരി പരദേവതാ ക്ഷേത്രത്തിലെ ഭണ്ഡാര കുറ്റി കുത്തി പൊളിച്ച് പണം അപഹരിച്ചു. ആയിരത്തോളം രൂപ നഷ്ടപ്പെട്ടു. ബിജുവിന്റെ കടയുടെ ഓടിളക്കിയാണ് മോഷ്ടാവ് അകത്തു കടന്നത്. ഇവിടെ നിന്ന് നാണയ തുട്ടുകൾ കൊണ്ടുപോയി. അറുന്നൂറോളം രൂപ നഷ്ടമായി. എൽ.പി സ്കൂളിലെ വാതിൽ തകർത്ത് ഉള്ളിൽ വെച്ചിരുന്ന കോടാലി മോഷ്ടിച്ചു. മുട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. ഒരു മാസം മുമ്പും പ്രദേശത്ത് മോഷണം നടന്നിരുന്നു. ഒരുവട്ടം കടകളിലടക്കം മോഷണശ്രമവും നടന്നിരുന്നു. അടിക്കടി മോഷണമുണ്ടാകുന്നതിൽ പ്രദേശവാസികൾ ആശങ്കാകുലരാണ്. പ്രദേശത്ത് രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് ആവശ്യം.