ചെറുതോണി: സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചെറുതോണി യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും പ്രതിഭാ സംഗമവും ഇന്ന് നടത്തുമെന്ന് ഭാരവാഹികളറിയിച്ചു. ഉച്ചയ്ക്ക് രണ്ടിനാരംഭിക്കുന്ന പൊതുസമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എച്ച്. ദിനേശൻ പ്രതിഭകളെ ആദരിക്കും. വ്യാപാരി ക്ഷേമം, ടൗൺ വികസനം എന്ന അടിസ്ഥാന ലക്ഷ്യം മുൻ നിറുത്തിയാണ് ചെറുതോണി ടൗൺ യൂണിറ്റ് രൂപീകരിച്ചിട്ടുള്ളത്. ജി.എസ്.ടിയും നോട്ട് നിരോധനവും പ്രളയവും പിടിച്ചുലച്ച വ്യാപാര മേഖലയുടെ പുനരുദ്ധാരണത്തിനാണ് സമിതി മുൻകൈയെടുക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വിദ്യാഭ്യാസ കായിക മേഖലകളിൽ കഴിവും മികവും തെളിയിച്ച 45 പേരെ ചടങ്ങിലാദരിക്കും. ലോക ക്രിക്കറ്റിൽ ഇടുക്കിയുടെ പേര് ചേർത്തുവച്ച അനീഷ് രാജൻ, എസ്.എസ്.എൽ.സി- പ്ലസ്ടു പരീക്ഷകളിൽ എ പ്ലസ് നേടിയവർ എന്നിവരെയാണ് ആദരിക്കുന്നത്. ഇ.എസ്. ബിജു, കെ.ആർ. സജീവ്, സി.വി. വർഗീസ്, റോമിയോ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും. സമ്മേളനാന്തരം ഗാനമേളയുമുണ്ടായിരിക്കുമെന്ന് ഭാരവാഹികളായ സാജൻകുന്നേൽ, സജി തടത്തിൽ, ബി.പി.എസ് ഇബ്രാഹിംകുട്ടി, ലെനിൻ ഇടപ്പറമ്പിൽ, ജോർജ് വട്ടപ്പാറ, കെ.ടി. മർക്കോസ് എന്നിവരറിയിച്ചു.