അന്തർ സംസ്ഥാന പാതയിൽ ഇനി ഷാഡോ ടീം
മറയൂർ: കേരള എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന ഓണം വിശുദ്ധിയുടെ ഭാഗമായി അന്തർ സംസ്ഥാന യോഗം ശനിയാഴ്ച നടന്നു.കേരള അതിർത്തിയിൽ ചിന്നാർ അമിനിറ്റി ഹാളിൽ കേരള എക്‌സൈസ് വകുപ്പിന്റെയും വനംവകുപ്പിന്റെയും തമിഴ്നാട് പ്രോഹിബിഷൻ എൻഫോഴ്സ്‌മെന്റ് വിംഗ്, തമിഴ്നാട് പോലീസ്, വനം വകുപ്പ് തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. മദ്യം, മയക്കുമരുന്ന്, എന്നിവയുടെ വ്യാപനം തടയുന്നതിനും അബ്ക്കാരി, മയക്കുമരുന്ന് കുറ്റങ്ങളിൽ മുൻപ് ഏർപ്പെട്ടിരുന്ന കുറ്റവാളികളെ കണ്ടെത്തുന്നതിന് സംയുക്ത പരിശോധന നടത്തുന്നതിന് തീരുമാനിച്ചു. കേരളത്തിലെയും തമിഴ്നാടിലെയും ഉന്നത ഉദ്യോഗസ്ഥർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് വിവരങ്ങൾ,രഹസ്യങ്ങൾ പരസ്പരം കൈമാറുന്നതിനും ഷാഡോ ടീമിനെ അന്തർ സംസ്ഥാന പാതകളിൽ നിയോഗിക്കുന്നതിനും തീരുമാനിച്ചു.വിവര സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നതിനും തീരുമാനിച്ചു.തമിഴ്നാട് സൈബർ സെല്ലിന്റെ സഹായം ഇക്കാര്യത്തിൽ ഉറപ്പു വരുത്തി.യോഗത്തിൽ ഇടുക്കി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ അശോക് കുമാർ, മൂന്നാർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോമി ജേക്കബ്, തമിഴ്നാട് പോലീസ് ഇൻസ്‌പെക്ടർമാരായ ശരവണ കുമാർ.എൻ, ഷൺമുഖ സുന്ദരം. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർമാരായ സുദീപ് കുമാർ എൻ.പി, അശ്വിൻ, ചിന്നാർ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ലിന്റോ തോമസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.