മൂന്നാർ ട്രാവൽ മാർട്ട് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു
മൂന്നാർ: മൂന്നാറിന്റെ ടൂറിസം സാദ്ധ്യതകളെ ലോകസഞ്ചരികൾക്ക് പരിചയപ്പെടുത്തുന്നതിന് ടൂറിസം വകുപ്പും മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സും സംയുക്തമായി മൂന്നാർ ട്രാവൽ മാർട്ട് സംഘടിപ്പിച്ചു. ചിന്നക്കനാൽ മൂന്നാർ കാറ്ററിംഗ് കോളേജിൽ നടന്ന ട്രാവൽ മാർട്ടിന്റെ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സരേന്ദ്രൻ നിർവഹിച്ചു. കേരളത്തിന്റെ ആഭ്യന്തര വളർച്ച നിരക്കിന്റെ 10 ശതമാനം ടൂറിസത്തിന്റെ സംഭാവനയാണ്. അടുത്ത 2 വർഷത്തിനുള്ളിൽ അത് 13 ശതമാനം ആക്കുന്നതിനുള്ള ശ്രമത്തിലാണ് സർക്കാരെന്നും ഉദ്ഘാടനം നിർവഹിച്ച് അദ്ദേഹം പറഞ്ഞു. . ബിസിനസ് ടു ബിസിനസ്സ് മീറ്റ്, ഡെസ്റ്റിനേഷൻ ടൂർ എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് മൂന്നാർ ട്രാവൽ മാർട്ട് സംഘടിപ്പിക്കുന്നത്. രാജ്യത്തിനകത്തും പുറത്തു നിന്നുമായി ടൂർ ഓപ്പറേറ്റർമാർ, എഴുത്തുകാർ, ബ്ലോഗർമാർ എന്നിവരുൾപ്പെടെ നാനറോളം പേർ പരിപാടിയിൽ പങ്കെടുത്തു. മൂന്നാർ ടൂറിസത്തിന്റെ കൂടുതൽ സാധ്യതകൾ വിശദീകരിച്ചുള്ള ബിസിനസ് ടു ബിസിനസ് മീറ്റിൽ മൂന്നാറിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹൈഡൽ ടൂറിസം, കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോർപ്പറേഷൻ, മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷൻ, ഡി.ടി.പി.സി എന്നിവരുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. മൂന്നാർ ടൂറിസം സാദ്ധ്യതകൾ പരിചയപ്പെടുത്തുന്നതിനായി വിവിധ പ്രസന്റേഷനുകളും അവതരിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് ട്രാവൽ മാർട്ടിൽ പങ്കെടുത്ത അതിഥികളെ പങ്കെടുപ്പിച്ച് കൊളുക്കുമല, പൊൻമുടി കള്ളിമാലി, വിരിപാറ ലക്ഷമി എന്നിവിടങ്ങളിലേക്ക് ഡെസ്റ്റിനേഷൻ ടൂറുംഇന്ന്സംഘടിപ്പിക്കും. ദേവികുളം സബ് കലക്ടർ ഡോ.രേണു രാജ് അദ്ധ്യക്ഷയായിരുന്നു. ട്രാവൽ മാർട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം, മൂന്നാർ കേറ്റിംഗ് കോളേജ് ചെയർമാൻ ടിസൻ തച്ചങ്കിരി, ടുറിസം ഡെപ്യുട്ടി ഡയറക്ടർ തോമസ് ആന്റണി, മൂന്നാർ ട്രാവൽ മാർട്ട് ചെയർമാൻ വിമൽ റോയ് എന്നിവർ സംസാരിച്ചു.