ഇടുക്കി: ഇടുക്കി മുൻ എം.പി ജോയ്സ് ജോർജിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ കൊട്ടക്കാമ്പൂരിലുള്ള ഭൂമിയുടെ പട്ടയവും തണ്ടപ്പേരും റദ്ദാക്കിക്കൊണ്ട് ദേവികുളം സബ്കളക്ടർ രേണുരാജ് ഉത്തരവിറക്കി. ജോയ്സ് ജോർജ്, ഭാര്യ, ജോയ്സിന്റെ അമ്മ, സഹോദരങ്ങൾ എന്നിവരുടെ പേരിൽ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമായ 58-ാം ബ്ലോക്കിൽ ഉൾപ്പെട്ട 120, 121, 115, 188, 116 എന്നീ തണ്ടപ്പേരുകൾ റദ്ദാക്കിയാണ് ശനിയാഴ്ച ഉത്തരവിറങ്ങിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ ഇതുവരെ ഹാജരാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി.
പട്ടയം നൽകിയ കാലയളവിൽ ഭൂമിപതിവ് കമ്മിറ്റി ചേർന്നിട്ടില്ലാത്തതും പട്ടയം റദ്ദാക്കാൻ കാരണമായി. കൊട്ടക്കാമ്പൂരിൽ റീസർവേ നടന്ന 1970 കാലയളവിൽ ഫെയർ ഫീൽഡ് രജിസ്റ്ററിൽ ഈ ഭൂമി തരിശായി കിടക്കുന്നതും സർക്കാർ കൈവശത്തിലുമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ച ഭൂമിയിൽ മുപ്പത് ഏക്കറോളം ജോയ്സും കുടുംബാംഗങ്ങളും കൈവശപ്പെടുത്തിയെന്നായിരുന്നു കാലങ്ങളായി നിലനിന്ന ആരോപണം. ഈ ഭൂമി വാങ്ങിയതാണെന്നു കാണിച്ച് നൽകിയ രേഖകളിലെ തീയതിയും സർക്കാർ ഭൂമി അനുവദിച്ചു കിട്ടിയ പിന്നാക്ക വിഭാഗക്കാരുടെ പ്രായവും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഇതേത്തുടർന്ന്, 2017ൽ സബ് കളക്ടറായിരുന്ന വി.ആർ. പ്രേംകുമാർ പട്ടയം റദ്ദാക്കിയിരുന്നു. ജോയ്സ് ജോർജ് ഇതു ചോദ്യം ചെയ്തെങ്കിലും പരിശോധനകൾ പൂർത്തിയാക്കി ജില്ലാ കളക്ടർ നടപടി ശരിവച്ചു. ഇതിനെതിരെ ജോയ്സും കുടുംബവും ലാൻഡ് റവന്യൂ കമ്മിഷണറെ സമീപിച്ചതോടെ, ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാകാൻ നിർദ്ദേശം നൽകി. എന്നാൽ മൂന്നു തവണ നോട്ടീസ് നൽകിയിട്ടും ദേവികുളം സബ് കളക്ടർക്കു മുമ്പാകെ ജോയ്സ് നേരിട്ട് ഹാജരായില്ല. ഇതോടെ ഭൂമി സംബന്ധിച്ചുള്ള സർക്കാർ രേഖകൾ വിശദമായ പരിശോധനയ്ക്കു വിധേയമാക്കാൻ റവന്യൂ വകുപ്പ് തീരുമാനിച്ചു. പട്ടയം റദ്ദാക്കി ഉത്തരവിറങ്ങിയതോടെ ഇനി വസ്തു കൈമാറ്റം ചെയ്താലും പോക്കുവരവ് ചെയ്യാനോ കരമടയ്ക്കാനോ കഴിയില്ല.