കുമളി: അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ തേക്കടി കാണാനെത്തിയ ഇസ്രയേൽ വനിതാ സഞ്ചാരിയുടെ കാൽ ഓടയുടെ മൂടി ഇട്ടിരുന്ന സ്ലാബിൽ കാൽ കുരുങ്ങി പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. തേക്കടി റൂട്ടിൽ ആനച്ചാൽ തേക്കടിക്കവലയ്ക്ക് സമീപത്ത് കൂടി നടന്നു വരികയായിരുന്നു വിദേശ വിനോദ സഞ്ചാരികൾ. കുറെ ഭാഗത്ത് പുതിയ സ്ലാബുകളാണ് ഇട്ടിരിക്കുന്നത്. ഇതിനിടെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ ശ്രദ്ധയിൽപ്പെടാതെ തെന്നി വീണാണ് പരിക്കേറ്റത്. കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഫാം ടൂറിസത്തിന്റെ ഭാഗമായി 15 പേർ അടങ്ങുന്ന സംഘമാണ് ഒപ്പം ഉണ്ടായിരുന്നത്. വിനോദ സഞ്ചാരികൾ അധികമായി എത്തുന്ന പ്രദേശത്തെ നടപ്പാതകൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.