തൊടുപുഴ: മലങ്കര അണക്കെട്ടിലെ അറ്റകുറ്റ പണികൾ അവസാനിച്ചെങ്കിലും ആറ് പഞ്ചായത്ത്‌ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായില്ല.അണക്കെട്ടിൽ ഷട്ടറിന്റെ ബീഡിങ്ങിനും അണക്കെട്ടിൽ പെയിന്റിങ്ങ് ജോലികൾക്കും വേണ്ടി ജലനിരപ്പ് താഴ്ത്തിയിരുന്നു.ഇതേ തുടർന്ന് അണക്കെട്ടിന്റെ

രണ്ട് വശങ്ങളിലുള്ള ചെറുതും വലുതുമായ നിരവധി കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം സ്തംഭച്ചിരുന്നു. എന്നാൽ രണ്ട് ദിവസങ്ങൾക്ക് മുൻപ് അണക്കെട്ടിലെ പണികൾ അവസാനിച്ചെങ്കിലും ജലനിരപ്പ് തീരെ കുറഞ്ഞ

അവസ്ഥ തുടരുന്നതിനാൽ കുടിവെള്ള പദ്ധതികളുടെ സ്തംഭനാവസ്ഥ തുടരുകയാണ്. അറ്റകുറ്റ പണികൾക്ക് വേണ്ടി ആഗസ്റ്റ് 21മുതൽ സെപ്റ്റംബർ 4 വരെ അണക്കെട്ടിൽ ജലനിരപ്പ് കുറയ്ക്കും എന്നാണ് അധികൃതർ അറിയിച്ചിരുന്നതെങ്കിലും കഴിഞ്ഞ ഏഴിനാണ്‌ അണക്കെട്ടിലെ പണികൾ അവസാനിച്ചത്. ഷട്ടറുകളുടെ തകരാറുകൾ പരിഹരിക്കുന്നതിന് വേണ്ടി തുടക്കത്തിൽ ജലനിരപ്പ് 36.9 മീറ്ററാക്കി കുറച്ചിരുന്നെങ്കിലും പിന്നീട് 37.14 മീറ്ററായി നിജപ്പെടുത്തിയിരുന്നു. അണക്കെട്ടിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെ മുട്ടം,കരിങ്കുന്നം, ഇടവെട്ടി, കുടയത്തൂർ, വെളളിയാമറ്റം, ആലക്കോട് എന്നീ പഞ്ചായത്തുകളിലെ ചെറുതും വലുതുമായി നിരവധി കുടിവെളള പദ്ധതികളിൽ വെള്ളം തീരെ കുറഞ്ഞു. ഇതോടെ പദ്ധതി പ്രദേശങ്ങളിൽ ജല ദൗർലഭ്യം രൂക്ഷമായി. മുട്ടത്തുള്ള ജില്ലാ ജയിലിലേക്ക് വെള്ളം എത്തിക്കുന്നതിനും തടസം നേരിട്ടിരിക്കുകയാണ്.

അണക്കെട്ടിന്റെ ഇരുവശങ്ങളിലായി സർക്കാർ,തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ ഫണ്ടുകളും സ്വകാര്യ വ്യക്തികൾ സ്വന്തമായിട്ടെടുത്ത ഫണ്ടുകളും ഉപയോഗിച്ചാണ് കുടിവെളള പദ്ധതികൾ അധികവും പ്രവർത്തിക്കുന്നത്.ബീഡിംഗിലെ തകരാർ കാരണം അണക്കെട്ടിലെ ഷട്ടറുകളിൽ ചോർച്ചയുള്ളതായി ഡാം സുരക്ഷ കമ്മിഷൻ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് അറ്റകുറ്റ പണികൾക്ക് വേണ്ടി ജലനിരപ്പ് താഴ്ത്തിയത്. അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് മുട്ടം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടുന്നില്ല എന്നാരോപിച്ചു ജനങ്ങൾ സമരപരിപാടികൾക്ക് രൂപം നൽകി. ജലനിരപ്പ് കുറഞ്ഞതിനാൽ മലങ്കര ഡാമിൽ വൈദ്യുതി ഉല്പാദനവും ഗണ്യമായി കുറച്ചിരുന്നു.