ഇടുക്കി: ജീപ്പിൽ യാത്ര ചെയ്യുന്നതിനിടെ അമ്മയുടെ മടിയിലിരുന്ന ഒരു വയസുള്ള കുഞ്ഞ് റോഡിൽ വീണ് മൂന്നു മണിക്കൂറിലേറെ കഴിഞ്ഞിട്ടും അമ്മയും അച്ഛനുമുൾപ്പെടെ അറിഞ്ഞില്ല. കാട്ടാനകളും മറ്റ് വന്യമൃഗങ്ങളുമുള്ള കാടിനു നടുവിലെ റോഡിൽ വീണ കുഞ്ഞിന് ചെറിയ പരിക്കേ പറ്രിയുള്ളൂ. റോഡിലൂടെ ഇഴഞ്ഞു നീങ്ങിയ കുഞ്ഞിന്റെ കരച്ചിൽ കേട്ടിറങ്ങിയ ഫോറസ്റ്റ് വാച്ചർമാർ അവളെ രക്ഷിച്ചു. ഞായറാഴ്ച രാത്രി മൂന്നാർ രാജമലയിലാണ് സംഭവം.
വെള്ളത്തൂവൽ മുള്ളിരിക്കുടി താന്നിക്കൽ സതീശ്- സത്യഭാമ ദമ്പതികളുടെ മകൾ രോഹിതയാണ് (അമ്മു) അദ്ഭുതകരമായി രക്ഷപ്പെട്ടത്. കുഞ്ഞ് വീണതറിയാതെ ജീപ്പിൽ രക്ഷിതാക്കൾ അമ്പത് കിലോമീറ്ററിലേറെ പിന്നിട്ടിരുന്നു.
സംഭവം ഇങ്ങനെ: പഴനി ക്ഷേത്രദർശന ശേഷം കമാൻഡർ ജീപ്പിൽ മടങ്ങുകയായിരുന്നു 12 പേരടങ്ങുന്ന കുടുംബം. ജീപ്പിന്റെ പിൻസീറ്റിൽ സത്യഭാമയുടെ കൈയിലായിരുന്നു ഒരു വയസും ഒരു മാസവും പ്രായമുള്ള രോഹിത. രാത്രി 9.48ന് രാജമല അഞ്ചാം മൈലിൽ ഫോറസ്റ്റ് ചെക്പോസ്റ്റിന് സമീപത്തെ വളവ് തിരിഞ്ഞപ്പോൾ അമ്മയുടെ മടിയിലിരുന്ന കുഞ്ഞ് റോഡിലേക്ക് ഊർന്നു വീഴുകയായിരുന്നു. മയക്കത്തിലായിരുന്ന അമ്മ വിവരം അറിഞ്ഞില്ല. ജീപ്പ് മുന്നോട്ടുപോയി.
വീഴ്ചയിൽ സാരമായി പരിക്കേൽക്കാത്ത കുഞ്ഞ് ചെക്പോസ്റ്റിൽ നിന്നുള്ള വെളിച്ചം കണ്ട് ആ ഭാഗത്തേക്ക് മുട്ടിലിഴഞ്ഞുനീങ്ങി. ഈ സമയം ചെക്പോസ്റ്റിലുണ്ടായിരുന്ന വാച്ചർമാരായ വിശ്വനാഥനും കൈലേഷും കുഞ്ഞിന്റെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയപ്പോഴാണ് അവളെ കണ്ടത്. അവർ കുഞ്ഞിനെ വാരിയെടുത്ത് തൊട്ടടുത്തുള്ള ഫോറസ്റ്റ് ഓഫീസിലെത്തിച്ചു. തലയുടെ മുൻഭാഗത്തെ ചെറിയ മുറിവുകളിൽ ഫോറസ്റ്റ് ഓഫീസർ ജിതേന്ദ്രനാഥ് മരുന്നു വച്ചശേഷം മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മിയെയും മൂന്നാർ പൊലീസിനെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരം അറിയിച്ചു. വാർഡന്റെ നിർദ്ദേശ പ്രകാരം കുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ഇതിനിടെ രാത്രി പന്ത്രണ്ടരയോടെ കുടുംബം വീട്ടിലെത്തി. വാഹനത്തിൽ നിന്ന് ഇറങ്ങുന്ന വേളയിലാണ് കുട്ടി ഇല്ലെന്ന് തിരിച്ചറിയുന്നത്. ഉറങ്ങുന്നതിനിടെ കുടുംബാംഗങ്ങളാരെങ്കിലും കുട്ടിയെ വാങ്ങിയിരിക്കുമെന്നാണ് സത്യഭാമ കരുതിയത്. ജീപ്പിൽ അന്വേഷിച്ചിട്ട് കാണാത്തതിനെ തുടർന്ന് വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. വെള്ളത്തൂവൽ സ്റ്റേഷനിൽ നിന്ന് മൂന്നാറിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് കുട്ടിയെ ലഭിച്ച വിവരം അറിയുന്നത്. മൂന്നാർ ആശുപത്രിയിൽ കുഞ്ഞ് സുരക്ഷിതമായുണ്ടെന്ന വിവരം രക്ഷിതാക്കളെ പൊലീസ് ധരിപ്പിച്ചു. പുലർച്ചെ മൂന്നു മണിയോടെ ദമ്പതികൾ മൂന്നാറിലെത്തി മകളെ ഏറ്റുവാങ്ങി.
അപകടം ഉണ്ടായത്
കമാൻഡർ ജീപ്പിന്റെ പിറകിലെ ഡോറിന്റെ അതേ നിരപ്പിൽ തന്നെയാണ് സീറ്റുമുള്ളത്. അമ്മയുടെ മടിയിലിരുന്ന കുഞ്ഞ് ഡോറിനെക്കാൾ ഉയരത്തിലായതിനാൽ ഊർന്നുവീഴാൻ ഇടയായെന്നാണ് നിഗമനം.
''ജീപ്പുപോലുള്ള പൂർണമായും അടച്ചുറപ്പില്ലാത്ത വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ ഇത്തരം അപകടമുണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കുക മാത്രമാണ് മുൻകരുതൽ. "
- റെജി പി. വർഗീസ്
(ഇടുക്കി ആർ.ടി.ഒ)