തൊടുപുഴ: മുറ്റങ്ങളിലെല്ലാം അത്തപ്പൂക്കളം,​ മനസും വയറും നിറയുന്ന ഓണസദ്യ,​ എല്ലാവർക്കും ഓണക്കോടി,​ കുട്ടികൾക്കെല്ലാം ഊഞ്ഞാലാട്ടം... പ്രളയവും മഴയും പഞ്ഞ കർക്കടവും പഴങ്കഥയാക്കി ഇന്ന് പൊന്നിൻചിങ്ങമാസത്തിലെ തിരുവോണം. തുടക്കത്തിൽ അലസതയോടെ തുടങ്ങിയെങ്കിലും ഇന്നലെ ഉത്രാട ദിനത്തോടനുബന്ധിച്ച് വൻ തിരക്കാണ് ജില്ലയിലെമ്പാടും അനുഭവപ്പെട്ടത്. ഉച്ചയോടെ അൽപ്പനേരം മഴ പെയ്തത് നിരാശരാക്കിയെങ്കിലും പിന്നീട് മാനം തെളിഞ്ഞു. ഓണം ഫെയറിലും കൈത്തറി വസ്ത്ര പ്രദർശനവിപണന മേളയിലും ഇന്നലെ രാത്രി വൈകും വരെ ജനങ്ങൾ കൂട്ടത്തോടെ എത്തി. സഹകരണ ബാങ്കുകളടക്കം നിരവധി സ്ഥാപനങ്ങൾ ന്യായ വിലയ്ക്ക് ഓണച്ചന്ത ഒരുക്കിയത് സാധാരണക്കാർക്ക് ആശ്വാസമായി. കുടുംബശ്രീ പച്ചക്കറികളും ജൈവപച്ചക്കറി വിപണന കേന്ദ്രങ്ങളും സജീവമായിരുന്നു. റസിഡന്റ്സ് അസോസിയേഷനുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ജില്ലയിലെമ്പാടും ഓണാഘോഷ പരിപാടികൾ നടക്കുന്നുണ്ട്.

കുരുക്കോണം

തൊടുപുഴയടക്കമുള്ള പ്രധാന ടൗണുകളിലെല്ലാം ഇന്നലെ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. നഗരത്തിൽ ഒരിടത്ത് നിന്ന് മറ്റിടത്തേക്ക് പോകാൻ മണിക്കൂറുകളെടുക്കുന്ന അവസ്ഥയായിരുന്നു. പലയിടത്തും വാഹനങ്ങൾ നിയന്ത്രിക്കാൻ പൊലീസ് നന്നെ പാടുപെട്ടു. വൈകുന്നേരത്തോടെ നഗരം ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി. ടൗണിൽ വാഹനവുമായെത്തുന്നവർക്ക് പാർക്കിംഗ് സൗകര്യമില്ലാത്തതും ബുദ്ധിമുട്ട് സൃഷ്ടിച്ചു.

കച്ചവടോണം

സാമ്പത്തിക മാന്ദ്യവും പ്രളയവും തകർത്ത വിപണി മടിച്ച് മടിച്ചെങ്കിലും അടുത്ത നാളുകളിൽ സജീവമായി. വ്യാപാരികളെല്ലാം ഓണക്കച്ചവടം മുന്നിൽകണ്ട് വൻ ഒരുക്കം നടത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെ വസ്ത്ര വ്യാപാര ശാലകളിലും പച്ചക്കറി മാർക്കറ്റിലും വഴിയോര കച്ചവടക്കാർക്കിടയിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.

പായസം കുടിച്ചോണം

വഴിയോരങ്ങളിൽ താത്കാലികമായി പായസക്കച്ചവടവും പൊടിപൊടിച്ചു. വീടുകളിൽ നിന്ന് ഉണ്ടാക്കി കൊണ്ടു വന്ന പായസം ചെറിയ പാത്രങ്ങളിലാക്കിയായിരുന്നു വിൽപന. കൂടാതെ വിവിധകേറ്ററിങ്ങ് ഗ്രൂപ്പുകളും പായസ വിൽപനയുമായി നഗരത്തിലിറങ്ങി.