തൊടുപുഴ: ലോവർ പെരിയാർ വൈദ്യുത പദ്ധതിയുടെ ടണൽമുഖത്തെ ട്രാഷ് റാക്ക് തകർന്ന് മണ്ണും ചെളിയും കയറിയതിനേത്തുടർന്ന് പവർ ഹൗസ് അടച്ചു. 180 മെഗാവാട്ടിന്റെ നിലയം അടച്ചിട്ടത് വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കും.
കനത്തമഴയിൽ ഒഴുകിവന്ന മരത്തടി അണക്കെട്ടിലെ ട്രാഷ്‌റാക്ക് ഇടിച്ച് തകർത്തു. ഇതോടെ ഇൻടേക്ക് ഷട്ടർ അടച്ചു. ജലനിരപ്പ് കുറയ്ക്കുന്നതിനായി ഡാമിന്റെ രണ്ടു ഷട്ടറുകൾ 150 സെ.മീ. വീതം ഉയർത്തി 250 ക്യുമെക്‌സ് വരെ വെള്ളം തുറന്ന് വിട്ടിരിക്കുകയാണ്. ഇന്നലെ രാവിലെ മുതൽ ടണലിലെ വെള്ളവും ടെയിൽ റേസ് വഴി ഒഴുക്കി വിടാൻ ആരംഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ടണൽ കാലിയാകുമെന്നാണ് കണക്ക് കൂട്ടുന്നത്.
10 ദിവസമെടുക്കും പ്രശ്‌നം പരിഹരിച്ച് പുതിയ ട്രാഷ്‌റാക്ക് സ്ഥാപിക്കാനെന്നാണ് അധികൃതരുടെ നിഗമനം. അതേ സമയം ഇത് രണ്ട് മുതൽ മൂന്നാഴ്ചവരെയെടുക്കുമെന്നാണ് വിവരം. 30 മീറ്റർ ഉയരവും 70 ടൺ ഭാരമുള്ള ട്രാഷ് റാക്ക് (അരിപ്പ പോലുള്ളത്) ആണ് തകർന്നത്. മരക്കമ്പും മറ്റ് മാലിന്യങ്ങളും ചെളിയുമുൾപ്പെടെ കയറാതിരിക്കാണ് ഇത്തരത്തിലുള്ള അരിപ്പ ഉപയോഗിക്കുന്നത്. ഇത് കുറ്റൻ മരത്തടി ഇടിച്ച് തകർന്നെന്നാണ് നിഗമനം. ഇതിലൂടെ ചെളിയും മറ്റ് മാലിന്യങ്ങളും ടണലിൽ എത്തിയിട്ടുണ്ട്. ഇത് എത്രത്തോളമുണ്ട് എന്നത് വിദഗ്ധമായ പരിശോധനിയിലെ കണ്ടെത്താനാകൂ. അതേ സമയം കെഎസ്ഇബി ഡയറക്ടർ ബിബിൻ ജോസഫ് തിങ്കളാഴ്ച സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ജനറേറ്ററിന് കാര്യമായ പ്രശ്‌നങ്ങളില്ലെന്നാണ് കണ്ടെത്തിയത്. താരതമ്യേനേ ചെറിയ സംഭരണിയാണെങ്കിലും കല്ലാർകുട്ടി, പൊന്മുടി ഡാമുകൾ തുറന്നതോടെ ഇവിടെ നിന്നുള്ള വെള്ളം വലിയ തോതിൽ എത്തിയിരുന്നു. ദിവസങ്ങളോളം മേഖലയിൽ ശക്തമായ മഴയും പെയ്തിരുന്നു. അതേ സമയം ഡാമിലെ വെള്ളം ഒഴുക്കി കളയുന്നത് ബോർഡിന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്.
കഴിഞ്ഞ വർഷം പ്രളയത്തിൽ ഇൻടേക്ക് ഷട്ടർ തകർത്ത് ചെളിയും കല്ലും ടണലിൽ കയറിയതിനാൽ ഒരു മാസത്തോളം വൈദ്യുതി ഉദ്പാദനം നിർത്തിവച്ചിരുന്നു.