തൊടുപുഴ: ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച - വഴിക്കണ്ണ് - പദ്ധതിയുടെ ഭാഗമായിട്ടുളള മെഗാ അദാലത്തിലെ നിർദ്ദേശങ്ങൾ നഗരസഭാ ഗതാഗത ഉപദേശക സമിതിക്ക് കൈമാറി.വഴിക്കണ്ണ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മാസം 17ന് മർച്ചന്റ്‌സ് ട്രസ്റ്റ് ഹാളിൽ നടന്ന ഗതാഗത മെഗാ അദാലത്തിൽ ജനപ്രതിനിധികളുടെയും, പൊതു പ്രവർത്തകരുടെയും, സംഘടന പ്രതിനിധികളുടെയും അഭിപ്രായ പ്രകാരം തയാറാക്കിയ നിർദേശങ്ങളാണ് ലോക് അദാലത്ത് നിർദ്ദേശങ്ങളായി ഗതാഗത ഉപദേശ സമിതിക്ക് കൈമാറിയത്.റിട്ട.ജില്ല ജഡ്ജി സി.വി.ഫ്രാൻസിസ്,അഡ്വ. സി.കെ.വിദ്യാസാഗർ, റിട്ട. പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയർ അശോക് എന്നിവർ ഉൾപ്പെട്ട ജഡ്ജിങ്ങ് കമ്മിറ്റിയാണ് നിർദേശങ്ങൾ തയ്യാറാക്കിയത്.ഗതാഗത ഉപദേശക സമിതിക്ക് തീരുമാനം എടുക്കാൻ സാധിക്കാതെ വരുന്ന വിഷയങ്ങൾ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നൽകി തീരുമാനം എടുക്കാമെന്നും അദാലത്ത് നിർദേശിച്ചു.

ഗതാഗത മെഗാ ലോക് അദാലത്തിലെ പ്രധാന നിർദേശങ്ങൾ:-

1-നഗരത്തിലെ ഓട്ടോ സ്റ്റാൻഡുകൾ ഹൈക്കോടതി നിർദേശ പ്രകാരം നിയമ വിധേയമായി പ്രവർത്തിക്കുവാൻ അവശ്യമായ നടപടികൾ നഗരസഭ സ്വീകരിക്കണം.ടാർ റോഡിൽ നിന്ന് ഒന്നര മീറ്റർ മാറ്റി മാത്രമേ ഓട്ടോറിക്ഷ സ്റ്റാൻഡുകൾ പ്രവർത്തിക്കാവു എന്നാണ് നിയമം. ഔദ്യോഗിക രേഖകൾ പ്രകാരം നഗരത്തിൽ രണ്ട് സ്റ്റാൻഡുകൾക്ക് മാത്രമാണ് അംഗീകാരമുളളത്.എന്നാൽ നഗരത്തിൽ 26 സ്റ്റാൻഡുകളാണ് പ്രവർത്തിക്കുന്നത്.രണ്ടായിരം ഓട്ടോറിക്ഷകളുളള നഗരത്തിൽ ഇവർക്ക് നിയമ പ്രകാരം പാർക്ക് ചെയ്യുന്നതിന് ആവശ്യമായ താവളം ഒരുക്കേണ്ടത് നഗരസഭയാണ്.

2-പ്രധാന ജംഗ്ഷനുകളിൽ ഭൗതിക സാഹചര്യം വർധിപ്പിക്കണം. ഇതിനായി ബസ് സ്റ്റോപ്പുകൾ പുനർ നിർണയിക്കണം, പുതിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ നിർമിക്കണം, ആവശ്യമുള്ള സ്ഥലങ്ങളിൽ സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിക്കണം. കോലാനി, വെങ്ങല്ലൂർ, മങ്ങാട്ടുകവല, കെഎസ്ആർടിസി, കാഞ്ഞിരമറ്റം, ഷാപ്പുംപടി, ന്യൂമാൻ കോളജ് എന്നീ ജംഗ്ഷനുകളാണ് പ്രധാനമായും വികസിപ്പിക്കേണ്ടത്. കെഎസ്ആർടിസി, വെങ്ങല്ലൂർ എന്നിവിടങ്ങളിൽ വെയിംഗ് ഷെഡ് നിർമിക്കാണം.

3-റോഡ് അരികിൽ സൂക്ഷിച്ചിട്ടുള്ള കെഎസ്ഇബി, ബിഎസ്എൻഎൽ, വാട്ടർ അതോറിറ്റി , സ്വകാര്യ വ്യക്തികൾ എന്നിവരുടെ വസ്തുക്കൾ അവിടെ നിന്ന് നീക്കം ചെയ്യണം.ഓടകൾക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകൾ ഉറപ്പിക്കണം. സീബ്ര ലൈനുകൾ ആവശ്യമുള്ള ഭാഗങ്ങളിൽ വരയ്ക്കണം. റോഡിലും നടപ്പാതകളിലുമുളള കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം. ആവശ്യമെങ്കിൽ കയ്യേറ്റക്കാർക്കെതിരെ നഗരസഭ പൊലീസ് സഹായത്തോടെ കേസ് എടുക്കണം.

4- ദൂരക്കാഴ്ച മറയ്ക്കുന്ന പരസ്യ ബോർഡുകൾ നീക്കം ചെയ്യണം.പ്രധാന റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ,പ്രധാന ജംഗ് നുകളിൽ സ്പീഡ് കുറയ്ക്കുന്നതിനും മുൻകരുതൽ സ്വീകരിക്കണം.

5- പ്രധാന ബസ് റൂട്ടുകൾ സംബന്ധിച്ച് നിലവിലുള്ള സംവിധാനം തുടരണം.എന്നാൽ മൂവാറ്റുപുഴ റൂട്ടിലൂടെ പോകുന്ന ദീർഘദൂര ബസുകൾ പ്രൈവറ്റ് സ്റ്റാൻഡിൽ നിന്ന് തെനംകുന്ന് ബൈപാസിലൂടെ കോലാനി ബൈപാസിൽ പ്രവേശിച്ച് പോകണം.

6- മത്സ്യ മാർക്കറ്റ് റോഡിലൂടെ വൈക്കം,മണക്കാട് ബസുകളും മൂലമറ്റം റൂട്ടിൽ നിന്നു നഗരത്തിലേക്കു വരുന്ന ബസുകളും കയറ്റി വിടണം.ഐഎംഎ റോഡിൽ അറ്റകുറ്റ പണികൾ നടപ്പിലാക്കണം.ഇത് വൺവേ ആക്കണമോ എന്നത് സംബന്ധിച്ച് തീരുമാനിക്കണം.

7- നിയമ വിരുദ്ധമായ നഗരത്തിലെ പാർക്കിങ് തടയുന്നതിന് ഗതാഗത ഉപദേശക കമ്മിറ്റി തീരുമാനം എടുക്കണം.

ഈ തീരുമാനങ്ങളുടെ പുരോഗതിക്ക് വേണ്ടി ഒരു മാസത്തിന് മുൻപായി ഗതാഗത ഉപദേശക കമ്മിറ്റി വിളിച്ച് ചേർക്കാൻ കൺവീനറായ ജോ. ആർടിഒ നടപടി സ്വീകരിക്കണം.