തൊടുപുഴ: സ്‌പൈസസ് ബോർഡ് ഏലം കർഷകർക്ക് നൽകുന്ന വിവിധ ആനുകൂല്യങ്ങൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഒക്ടോബർ 15 വരെ നീട്ടിക്കൊണ്ട് അറിയിപ്പ് ലഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. ആഗസ്റ്റ് 30 വരെയായിരുന്നു അപേക്ഷ സമർപ്പിക്കേണ്ടിയിരുന്ന അവസാന തിയതി. എന്നാൽ ഏ.സി.ആർ, സി.ആർ എന്നിവ പുതുക്കി നൽകുന്നതിനുള്ള സർക്കാർ ഉത്തരവ് വൈകുകയും, അപേക്ഷ സമർപ്പിക്കാൻ കഴിയാതെ ഏലം കർഷകർ പ്രതിസന്ധിയിലാവുകയും ചെയ്തപ്പോൾ ഡീൻ കുര്യാക്കോസ് എം.പി സ്‌പൈസസ് ബോർഡ് ചെയർമാൻ സുഭാഷ് ദാസുമായി ചർച്ച നടത്തുകയും തുടർന്ന്തിയതി നീട്ടുവാൻ നിർദ്ദേശിക്കുകയുമായിരുന്നു. സി. ആർ ഉത്തരവ് പുറത്തിറങ്ങി പുതുക്കൽ നടപടികൾ ആരംഭിച്ചതിനാൽ സ്‌പൈസസ് ബോർഡ് തീരുമാനം ചെറുകിട ഏലം കർഷകർക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ.