തൊടുപുഴ: കുഴഞ്ഞുവീണതിനെ തുടർന്നു സ്വകാര്യബസ് ജീവനക്കാർ വഴിയിൽ ഇറക്കി ആട്ടോറിക്ഷയിൽ കയറ്രിവിട്ട യാത്രക്കാരൻ മരിച്ചു. കോൺഗ്രസ് നേതാവും ഡി.കെ.ടി.എഫ് ജില്ലാ സെക്രട്ടറിയുമായ വണ്ണപ്പുറം ഇടക്കുന്നേൽ എ.ഇ. സേവ്യർ (68) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെ വണ്ണപ്പുറത്തുനിന്ന് മൂവാറ്റുപുഴയ്ക്കു പോകുന്ന ബസിൽ കയറിയ സേവ്യറിന് അമ്പലപ്പടിയിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇത് ശ്രദ്ധയിൽ പെട്ട ബസ് ജീവനക്കാർ കൊല്ലംപടിയിൽ എത്തിയപ്പോൾ ഇറക്കി ആട്ടോറിക്ഷയിൽ പറഞ്ഞുവിടുകയായിരുന്നു. ആട്ടോയിൽ സേവ്യറിനെ വണ്ണപ്പുറത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. ആരെങ്കിലും കൂടെ വരണമെന്ന് ആട്ടോ ഡ്രൈവർ ആവശ്യപ്പെട്ടെങ്കിലും ബസ് ജീവനക്കാർ കൂട്ടാക്കിയില്ല. പിന്നീട് ആട്ടോ ഡ്രൈവർ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയാണ് ഇദ്ദേഹത്തെ അഞ്ചു കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലെത്തിച്ചത്. സേവ്യറിന്റെ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കാളിയാർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
വർഷങ്ങളായി ഹൃദ്രോഗിയായിരുന്നു സേവ്യറെന്നും കൊല്ലമ്പടി ഭാഗത്ത് എത്തിയപ്പോഴാണ് സേവ്യറിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ശാരീരിക അസ്വസ്ഥതയുണ്ടായ ഉടനേ സഹയാത്രികർ ഇയാൾക്ക് നെഞ്ച് തിരുമ്മി കൊടുക്കുകയും തുടർന്ന് വാഹനം നിറുത്തി ബസ് ജീവനക്കാർ പണം നല്‍കി ആട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നെന്നാണ് പൊലീസും ബസ് കണ്ടക്ടർ കബീറും പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയസ്തംഭനമാണ് മരണകാരണം. സേവ്യറിന്റെ കിഡ്‌നി തകരാറിലായിരുന്നു. മൃതദേഹം സംസ്‌കരിച്ചു. ബസുകാർക്ക് വീഴ്ചയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം തേടിയ ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും കാളിയാർ എസ്.ഐ പറഞ്ഞു. ബസ് ജീവനക്കാരുടെ അനാസ്ഥയാണ് സേവ്യറിന്റെ മരണത്തിന് കാരണം എന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഭാര്യ അംഗൻവാടി ജീവനക്കാരി അനീസ്. മക്കൾ : ജോബി, മഹേഷ്.