തൊടുപുഴ: നഗര മധ്യത്തിൽ ഭിത്തി കുത്തി തുറന്ന് മോഷണം. പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റിലാണ് തിരുവോണ ദിവസം രാത്രി മോഷണം നടന്നത്.
സ്ഥാപനത്തിന്റെ ഭിത്തി കുത്തിതുരന്ന് അകത്ത് കയറിയ മോഷ്ടാക്കൾ മേശക്കുള്ളിൽ സൂക്ഷിച്ച 4250 രൂപ കവർന്നു. പണം സൂക്ഷിച്ചിരുന്ന ലോക്കർ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല . മുറിക്കുള്ളിലെ നിരീക്ഷണ കാമറകൾ തകർത്ത ശേഷണമാണ് മോഷണം നടന്നത്. മോഷ്ടാവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഓണത്തോടനുബന്ധിച്ച് തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ നടന്ന വിൽപനയിലെ കളക്ഷൻ തുക തിരക്കായതിനാൽ ബാങ്കിൽ അടയ്ക്കാൻ കഴിയാതെ ഓഫീസിലെ ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്. ഈ തുക ബാങ്കിൽ അടയ്ക്കുന്നതിനായി വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ സപ്ലൈകോ ഓഫീസ് ഇൻ ചാർജുള്ള സ്മിത രാജൻ ഓഫീസിലെത്തിയപ്പോഴാണ് ഭിത്തി കുത്തിതുരന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ ഇവർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
സപ്ലൈകോ ഓഫീസിെന്റ പിറകുവശത്തെ ഭിത്തി ഒരാൾക്ക് കടന്നുപോകാവുന്ന തരത്തിൽ വട്ടത്തിൽ തുരന്നാണ് മോഷ്ടാവ് മുറിക്കുള്ളിൽ കയറിയിരിക്കുന്നത്. മുറിക്കുള്ളിൽ സ്ഥാപിച്ചിരുന്ന ആറ് നിരീക്ഷണ കാമറകളിൽ രണ്ടെണ്ണം മോഷ്ടാവ് തല്ലി തകർത്തിട്ടുണ്ട്. സാധനങ്ങൾ വച്ചിരുന്ന അലമാരകൾ മുഴുവൻ തുറന്നിട്ട നിലയിലാണ്. തൊടുപുഴ സി.ഐ. യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മേശക്കുള്ളിൽ ഉണ്ടായിരുന്ന 4250 രൂപ മോഷണം പോയതായി ജീവനക്കാർ പറയുന്നു. മോഷ്ടാവ് ലോക്കർ തുറക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.
ജീവനക്കാരുടെ സാന്നിദ്ധ്യത്തിൽ ലോക്കർ തുറന്ന് പരിശോധിച്ചെങ്കിലും ലോക്കറിലെ പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു. സാധനങ്ങൾ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്നറിയാൻ വെള്ളിയാഴ്ച സ്‌റ്റോക്ക് പരിശോധിക്കുമെന്ന് ഓഫീസ് ഇൻ ചാർജ് സ്മിത രാജൻ പറഞ്ഞു.ഇതിന് ശേഷമേ സാധനങ്ങൾ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നറിയാൻ കഴിയൂ. സപ്ലൈകോ ഓഫീസ് അടച്ചുപോകുമ്പോൾ മെയിൻ സ്വിച്ച് ഓഫാക്കുന്നതിനാൽ സി.സി.ടി.വിയിൽ നിന്നും മോഷ്ടാവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇതിന് മുൻപ് ഇവിടെ ഷോർട്ട് സർക്ക്യൂട്ട് ഉണ്ടായതോടെയാണ് ഓഫീസ് അടയ്ക്കുമ്പോൾ മെയിൻ സ്വിച്ച് ഓഫാക്കൻ തുടങ്ങിയതെന്ന് ജീവനക്കാർ പറഞ്ഞതായി സി.ഐ. പറഞ്ഞു. സ്ഥാപനത്തെക്കുറിച്ച് വ്യക്തമായ അറിവുള്ള ആരൈങ്കിലുമായിരിക്കും മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ സ്ഥാപനത്തിനടുത്തായി ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങി പാർക്കുന്നതിനാൽ ഇവരിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചേക്കും. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. മാസങ്ങൾക്ക് മുൻപ് തൊടുപുഴക്ക് സമീപം വീടുകളിൽ നടന്ന മോഷണത്തിലും പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ഇതിനിടെയാണ് വീണ്ടും നഗര മധ്യത്തിൽ മോഷണം അരങ്ങേറിയത്. നഗരസഭയുടെ സി.സി.ടി.വികൾ ഉണ്ടെങ്കിലും സ്റ്റാൻഡിൽ ഇവ പ്രവർത്തന രഹിതമായതിനാൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ലെന്നാണ് സൂചന. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.