മറയൂർ: മറയൂരിൽ കർഷകർ ഉത്പാദിപ്പിക്കുന്ന പരമ്പരാഗത ശർക്കരക്ക് ഈ ഓണകാലത്ത് റെക്കോഡ് വില ലഭിച്ചു. അറുപത് കിലോ തൂക്കം വരുന്ന ഒരു ചാക്ക് ശർക്കരക്ക് ഈ ഓണക്കാലത്ത് കർഷകന് 4000 രൂപയാണ് ലഭിച്ചത്. 2017 ഓണക്കാലത്ത് ലഭിച്ച 3500 രൂപയായിരുന്ന ഇതേവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന വില. പരമ്പരാഗത ശർക്കരക്ക് പുറമേ ഫിൽറ്റർ ശർക്കരക്കും നിലവിൽ ഉയർന്ന വില ലഭിച്ചു വരുന്ന കിലോ ഗ്രാമിന് 57 രൂപ മുതൽ 80 രൂപ വരെ തോട്ടത്തിൽ ലഭിച്ചു.
പ്രളയം കാരണം മൂന്നാർ മറയൂർ പാതയിൽ കഴിഞ്ഞ വർഷം പാലങ്ങളും റോഡുകളും തകർന്ന് ഗതാഗത തടസ്സം നീക്കാൻ ദീർഘനാളുകൾ വേണ്ടി വന്നതിനാൽ ശർക്കര വ്യാപാരം നടന്നിരുന്നില്ല .അതിനാൽ വൻ നഷ്ടമാണ് കഴിഞ്ഞ തവണ കർഷകർക്ക് നേരിടേണ്ടി വന്നത്.
കഴിഞ്ഞ ഒരു വർഷം നേരിടണ്ടി വന്ന കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് കൃഷി നടത്തിയ കർഷകർക്ക് മികച്ച വില ലഭിച്ചത് ആശ്വാസകരമായിരിക്കുകയാണ്.ഓണക്കാലത്ത് ആവശ്യക്കാരുടെ എണ്ണം വർദ്ദിച്ചെങ്കിലും അതിന് അനുസരിച്ചുള്ള ശർക്കര ഉത്പാദനം മറയൂരിൽ ഇല്ലായിരുന്നു എന്ന് ശർക്കര വ്യാപാരികൾ പറയുന്നു. ഇത്തവണയും പതിവ് പോലെ വ്യാജശർക്കരയുടെ വ്യാപാരത്തിലും കുറവില്ലായിരുന്നു.