tourist
തമിഴ്നാട്ടിലെ ഗുഡല്ലൂരിലെ മുന്തിരി തോട്ടത്തിൽ സെൽഫിയെടുക്കുന്ന മലയാളി ടൂറിസ്റ്റുകൾ.

കട്ടപ്പന : ഓണ. അവധിക്കാലത്ത് ഗൂഡല്ലൂരിലെ മുന്തിരി തോട്ടങ്ങളിൽ ടൂറിസ്റ്റുകളുടെ വൻതിരക്ക്.
മഴയും വിപരീത കാലാവസ്ഥയും മൂലം കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ എണ്ണം നാമമാത്രമായപ്പോൾ തമിഴ്നാട്ടിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചരികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഗമൺ, ഇടുക്കി, മുന്നാർ, തേക്കടി, കട്ടപ്പന, രാമക്കൽമേട് എന്നിവടങ്ങളിലെത്തിയ ടൂറിസ്റ്റുകളിൽ പലരും കമ്പത്തെയും ഗൂഡല്ലൂരിലെയും മുന്തിരി തോട്ടങ്ങൾ സന്ദർശിച്ച ശേഷമാണ് മടങ്ങിയത്. ഇതെ തുടർന്ന് ഗൂഡല്ലൂരിലെ മുന്തിരി തോട്ടങ്ങളിൽ ടൂറിസ്റ്റുകളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ന്യായവിലയ്ക്ക് തോട്ടങ്ങളിൽ ഇപ്പോൾ മുന്തിരി ലഭ്യമാണ്. കിലോഗ്രാമിന് 40 രൂപ മുതൽ 50 രൂപയ്ക്ക് വരെ യഥേഷ്ടം മുന്തിരി ഇപ്പോൾ ലഭിക്കും. കേരളത്തിൽ 100 മുതൽ 140 രൂപ വരെ ഇപ്പോൾ വില കൊടുക്കണം. തമിഴ്നാട്ടിലെ മുന്തിരി തോട്ടങ്ങളിലെ ഈ വിലക്കുറവും ടുറിസ്റ്റുകളെ ഇവിടേക്ക് ആകർഷിക്കുന്നുണ്ട്.
മുന്തിരിക്കുലകൾക്കിടയിൽ നിന്ന് സെൽഫിയെടുക്കാനും ടൂറിസ്റ്റുകളുടെ പ്രവാഹമാണ് അനുഭവപ്പെട്ടത്. .കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ തിരക്ക് കൂടുതലാണ്. തോട്ടത്തിൽ നിന്ന് മുന്തിരി പിറക്കരുതെന്ന് എഴുതി വച്ചിട്ടുണ്ടെങ്കിലും കാവൽക്കാരന്റെ കണ്ണ് തെറ്റിയാൽ മുന്തിരി കുല റാഞ്ചാൻ മടിക്കാത്തവരും കുറവല്ല. ഇത് കാരണം കാവൽക്കാർക്ക് പിടിപ്പത് പണിയാണ്.
ഒരു തോട്ടത്തിൽ എത്തിയാൽ തന്നെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ പിന്നിടുന്ന മുന്തി ചെടികൾ കാണാം . ശാഖകൾ വെട്ടി ഒരുക്കി ചൂണിങ്ങ് നടത്തിയ മുന്തിരി ചെടികൾ മുതൽ വിളവെടുപ്പിന് പാകമായ മുന്തിരി ചെടികൾ വരെ കാണാം. റോസ് മുന്തിരിയാണ് ഈ മേഖലയിലെ പ്രധാന കൃഷി. പച്ചമുന്തിരിയും റോസ് മുന്തിരിയും കുലകളായി കായ്ച്ച് കിടക്കുന്ന മനോഹര ദൃശ്യവും തോട്ടത്തിനുള്ളിലൂടെ നടക്കുമ്പോൾ അനുഭവപ്പെടുന്ന എന്തെന്നില്ലാത്ത അനുഭൂതിയും നുകർന്ന് വയറ് നിറച്ച് മുന്തിരിയും കഴിച്ച് ഓർമ്മയിൽ സൂക്ഷിക്കാൻ ആവിശത്തിലധികം സെൽഫിയും പകർത്തിയാണ് സഞ്ചാരികളുടെ മടക്കം. ഇതെ തുടർന്ന് കമ്പത്തെയും തേനിയിലെയും ഹോട്ടലുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തേനിക്ക് സമീപത്തെ വൈഗ ഡാം കാണാനും ഏറെ സഞ്ചാരികൾ എത്തി.