satheesh

മറയൂർ : തിരുവനന്തപുരത്ത് നിന്ന് മറയൂർ - കാന്തല്ലൂർ മേഖലയിലേക്ക് സന്ദർശകരുമായെത്തിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ റിസോർട്ടിൽ മരിച്ചു. തിരുവനന്തപുരം, കണ്ടള കരിങ്കൽ ഭാഗം സഞ്ചുഭവനിൽ സതീഷ് കുമാറിനെയാണ് (44) കാന്തല്ലൂരിലെ സ്വകാര്യ റിസോർട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്‌ച രാത്രിയാണ് 27 പേരടങ്ങുന്ന സംഘം തിരുവനന്തരപുരത്ത് നിന്ന് കാന്തല്ലൂർ ഗുഹനാഥപുരം ഭാഗത്തുള്ള റിസോർട്ടിലെത്തിയത്. ഇവർ വന്ന ബസിലെ ഡ്രൈവർ അഭിലാഷിന്റെ സഹായിയായിരുന്നു സതീഷ് കുമാർ.ശനിയാഴ്ച കാന്തല്ലൂരിൽ നിന്ന് തിരിച്ച് വരാൻ തയ്യാറെടുക്കുമ്പോഴായിരുന്നു സംഭവം. രാവിലെ ആറിന് അഭിലാഷുമായെത്തി ചായകുടിച്ച ശേഷമാണ് 6.15ന് ബാത്ത്റൂമിൽ കയറിയത്. അരമണിക്കൂർ കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വാതിലിൽ മുട്ടിവിളിച്ചെങ്കിലും വെള്ളം വീഴുന്ന ശബ്ദമാണ് കേട്ടത്. തുടർന്ന് ഒപ്പമുണ്ടായിരുന്നവരെ കൂട്ടി വാതിൽ പൊളിച്ച് നോക്കിയപ്പോൾ സതീഷ് കുമാർ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മറയൂർ അഡിഷണൽ എസ്.ഐ വി.എം. മജീദിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. അടിമാലി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോ‌ർട്ടത്തിന് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഭാര്യ : കുമാരി. മക്കൾ: സഞ്ചു, അഞ്ചു.