തൊടുപുഴ: ഇടുക്കി റോഡിൽ പ്രവർത്തിക്കുന്ന ബാർ ഹോട്ടലിലെ ജീവനക്കാരനെ മർദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് ഡി.വൈ .എഫ് .ഐ നേതാക്കൾ ഉൾപ്പെടെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവരെ രണ്ട് പേരെയും ഡി.വൈ.എഫ്.ഐയുടെ പ്രാഥമികാംഗത്വത്തി. നിന്ന് പുറത്താക്കുകയും ചെയ്‌തു.
മുതലക്കോടം ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റിയിലെ യൂണിറ്റ് കമ്മിറ്റി സെക്രട്ടറി മാത്യൂസ്, പ്രസിഡന്റ് ജിത്തു ഇവർക്കൊപ്പം ഉണ്ടായിരുന്ന ലിജോ, ഗോപീകൃഷ്ണൻ കെ.എസ് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. ബാർ ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മോഷണത്തിനാണ് കേസ്. ഭീഷണിപ്പെടുത്തി കവർച്ച നടത്തിയെന്നാണ് പരാതി.
കഴിഞ്ഞ വെള്ളിയാഴ്ച്ച വെളുപ്പിന് 3.45 ന് സംഘം ബാർ ഹോട്ടലിൽ മദ്യം ചോദിച്ചെത്തി. ആ സമയത്ത് മദ്യം നൽകാനാവില്ലെന്ന് ബാർ ജീവനക്കാരൻ പറഞ്ഞു. തുടർന്ന് സംഘം ജീവനക്കാരനെ മർദ്ദിക്കുകയും അയാളുടെ പോക്കറ്റിലുണ്ടായിരുന്ന ഇരുപതിനായിരത്തോളം രൂപ തട്ടിയെടുക്കുകയുമായിരുന്നു.
വിവാദമായതോടെ തൊടുപുഴ ഡി.വൈ.എഫ് .ഐ ബ്ലോക്ക് കമ്മിറ്റി പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുത്തു. മാത്യൂസ്, ജിത്തു എന്നിവരെ ഡി.വൈ.എഫ്.ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി തൊടുപുഴ ബ്ലോക്ക് എക്സിക്യൂട്ടീവ് വ്യക്തമാക്കി.
ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞു. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.