കാഞ്ഞാർ: കാഞ്ഞാർ കേരള ഗ്രാമീൺ ബാങ്കിന്റെ എ .ടി .എം തകർത്ത് പണം അപഹരിക്കുവാൻ ശ്രമിച്ചവരെക്കുറിച്ച് സൂചനയില്ല. കാഞ്ഞാർ സി.ഐ അനിൽ കുമാർ, എസ്. ഐ വിനോദ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കവർച്ചാ സംഘം എ. ടി .എം തകർത്തത്. സമീപത്തെ സി.സി.ടി.വി പരിശോധിച്ചിട്ടും പ്രതികളുടെ സൂചന ലഭിച്ചില്ല. കാഞ്ഞാർ, കുടയത്തൂർ, അറക്കുളം മേഖലകളിലെ വഴിവിളക്കുകൾ പ്രകാശിക്കാത്തത് സി .സി. ടി .വി ദൃശ്യങ്ങൾ ലഭിക്കുന്നതിൽ തടസമായി. വഴിവിളക്കുകൾ ഭൂരിഭാഗവും പ്രകാശിക്കാത്തതിനാൽ വിവിധ സ്ഥലങ്ങളിലെ നിരീക്ഷണ കാമറകളിൽ നിന്നും പ്രതികളെക്കുറിച്ച് സൂചന ലഭിക്കുമെന്ന പ്രതീക്ഷയുമില്ല. പരിശോധനയ്ക്ക് എത്തിയ ഡോഗ് സ്ക്വാഡിൽ നിന്നും കേസിന് തുമ്പുണ്ടാക്കുവാനുള്ള സൂചനകൾ ലഭിച്ചില്ല.കാഞ്ഞാർ പൊലീസ് സ്റ്റേഷന്റെ സമീപത്ത് പ്രധാന പാതയ്ക്കരികിൽ നടന്ന കവർച്ചാ ശ്രമം പൊലീസിന് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.