തൊടുപുഴ: അടിക്കടിയുള്ള വൈദ്യുതി മുടക്കം, നഗരത്തിലും സമീപ പ്രദേശങ്ങളിലും ഉപഭോക്താക്കൾ കഷ്ടത്തിലായി.നഗരത്തിലും സമീപ പഞ്ചായത്ത്‌ പ്രദേശങ്ങളിലും മണിക്കൂറുകളോളവും, ചില സ്ഥലങ്ങളിൽ ഒന്ന് രണ്ട്‌ ദിവസങ്ങൾ വരെയും വൈദ്യുതി ഇല്ലാതാവുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് പ്രാദേശികമായി വിവിധ സംഘടനകളും വ്യക്തികളും നിരവധി പരാതികളും നിവേദനകളും നൽകിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. വൈദ്യുതി ലൈനിലേക്ക് ചെറിയ ചുള്ളിക്കമ്പോ, ഇലയോ വീണാലും ചെറിയ കാറ്റടിച്ചാലും ചാറ്റൽ മഴ പെയ്താലും ഉടൻ വൈദ്യുതി പോകുന്ന സ്ഥിതിയാണുള്ളത്. വേനൽക്കാലമെന്നോ മഴക്കാലമെന്നോ വ്യത്യാസമില്ലാതെ വൈദ്യുതി തടസങ്ങൾ തുടരുകയാണ്. അതിരൂക്ഷമായ വൈദ്യുതി മുടക്കം നഗരത്തിലെയും ഗ്രാമപ്രദേശത്തെയും വൈദ്യുതി ഉപഭോക്താക്കൾക്ക് ഏറെ സാമ്പത്തിക നഷ്ടവും കടുത്ത ദുരിതവുമാണ് വരുത്തുന്നത്. ഹോട്ടൽ, ബേക്കറി, റെസ്റ്റോറന്റുകൾ, മെഡിക്കൽ ഷോപ്പുകൾ, കോൾഡ് സ്റ്റോറേജുകൾ, ആശുപത്രികൾ,സോമിൽ എന്നീ മേഖലകൾക്കാണ് വൈദ്യുതി മുടക്കം ഏറെ ആഘാതങ്ങൾ സൃഷ്ടിക്കുന്നത്. വൈദ്യുതി സംബന്ധമായിട്ടുള്ള ഉപഭോക്‌താക്കളുടെ പരാതികൾ അറിയിക്കാൻ തൊടുപുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലുള്ള 14 ലോളം പഞ്ചായത്ത്‌ പ്രദേശങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ നൽകിയിട്ടുണ്ടെങ്കിലും അതിൽ മിക്കതും ജനത്തിന് പ്രയോജനപ്പെടുന്നില്ല . ഓരോ പ്രദേശത്തിനും അനുവദിച്ചിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചാൽ ബെല്ലടിച്ചാലും ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥർ ഫോൺ എടുക്കില്ല. മിക്കപ്പോഴും ഈ നമ്പറുകളിലേക്ക് വിളിച്ചാൽ പരിധിക്ക് പുറത്തായിരിക്കും.

എല്ലാം തോന്നുന്ന രീതിയിൽ

വൈദ്യുതി സംബന്ധമായ ജോലികൾ നടത്തുമ്പോൾ ബന്ധപ്പെട്ട ജീവനക്കാർ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതും പുനഃസ്ഥാപിക്കുന്നതും യാതൊരു നിയന്ത്രണവുമില്ലാത്ത രീതിയാണ് തുടർന്ന് വരുന്നത്. ഓരോ സ്ഥലത്തും ചെയ്യാനുളള വൈദ്യുതി സംബന്ധമായ പ്രവർത്തികളെ സംബന്ധിച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ ഉദ്യോഗസ്ഥർ അറിയുന്നതാണ്. എന്നാൽ ഇത് സംബന്ധിച്ചുള്ള അറിയിപ്പ് അതാത് ദിവസത്തെ പത്രങ്ങളിൽ നൽകി കടമ നിർവ്വഹിച്ച് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിവാകുകയാണ് ചില ഉദ്യോഗസ്ഥർ. വൈദ്യുതി മുടക്കം സംബന്ധിച്ചുള്ള അറിയിപ്പ് രാവിലെ പത്രങ്ങളിക്കൂടി മാത്രം അറിയുന്ന ഹോട്ടൽ, ബേക്കറി, റെസ്റ്റോറന്റ്, സോമിൽ,കോൾഡ് സ്റോറേജ് തുടങ്ങിയ സ്ഥാപന നടത്തിപ്പുകാർക്ക് ഇത് മൂലം ഏറെ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്. എന്നാൽ വൈദ്യുതി മുടക്കം സംബന്ധിച്ചുള്ള കാര്യങ്ങൾ ഒരു ദിവസം മുൻപെങ്കിലും അറിയിച്ചാൽ ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനമാകും. ചില ദിവസങ്ങളിൽ പത്രങ്ങളിൽ നൽകുന്ന അറിയിപ്പിൽ പറഞ്ഞിരിക്കുന്നതിൽ നിന്നും വ്യത്യാസമായിട്ടായിരിക്കും വൈദ്യുതി ലൈനിലെ പണികൾ നടത്തുന്നത്. ചിലയവസരങ്ങളിൽ പറഞ്ഞിരിക്കുന്ന സമയത്ത് പണികൾ പൂർത്തീകരിക്കാതെ ഏറെ സമയം കഴിഞ്ഞായിരിക്കും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതും. ഇത്തരത്തിൽ ഒരു നിയന്ത്രണവുമില്ലാത്ത പ്രവർത്തികൾ വൈദ്യുതി ഉപഭോക്താക്കൾക്ക് ഏറെ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.

സബ് സ്റ്റേഷനുകൾ പത്ത്

ജനത്തിന് ഗുണമേന്മയുള്ള വൈദ്യുതി മുടക്കമില്ലാതെ നൽകുക എന്ന ലക്ഷ്യത്തോടെ, തൊടുപുഴ നഗരസഭയിലും സമീപ പഞ്ചായത്ത്‌ പ്രദേശങ്ങളിലുമായിട്ട് കോടികൾ ചിലവഴിച്ച് പത്ത് സബ് സ്റ്റേഷനുകളാണ് കെ എസ് ഇ ബി നിർമ്മിച്ചിരിക്കുന്നത്. എന്നാൽ അതൊന്നും ജനത്തിന് പ്രയോജനപ്പെടാത്ത അവസ്ഥയാണ് നില നിൽക്കുന്നത്.