ഇടുക്കി : ആവേശത്തിരയിളക്കി കല്ലാർകുട്ടിയിൽ ജലോത്സവം നടന്നു.ആദ്യമായി ഇടുക്കിയിൽ അരങ്ങേറിയ ജലോത്സവം ഇനി ചരിത്രത്താളുകളിൽ ഇടംപിടിക്കും. ജലമേളകളുടെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞാണ് മുതിരപ്പുഴയാർ ഒഴുകിയെത്തുന്ന കല്ലാർകുട്ടിയിൽ ആദ്യമായി ജലോത്സവം നടന്നത്. മുതിരപ്പുഴ ടൂറിസം ഡവലപ്പ്‌മെന്റ് ആൻഡ് കൾച്ചറൽ സെന്ററിന്റെയും കെഎസ്ഇബി ഹൈഡൽ ടൂറിസത്തിന്റെയും സഹകരണത്തോടെയാണ് ജലമേള സംഘടിപ്പിച്ചത്. മൺസൂൺ ടൂറിസം പരിപാടികളും ഓണാഘോഷവും ഗംഭീരമായി അരങ്ങേറിയപ്പോൾ വെള്ളപ്പരപ്പിൽ ആവേശം തീർത്ത് ചെറുവള്ളങ്ങളും തുഴവീശി മത്സരത്തെ കൊഴുപ്പിച്ചു.ജലഘോഷയാത്രയോടെയായിരുന്നു തുടക്കമായത്.
മത്സരത്തിൽ ഒന്നാം സ്ഥാനം ബിജു വേഴെപ്പറമ്പിൽ മുതിരപ്പുഴയും രണ്ടാം സ്ഥാനം സണ്ണി ഇലവുംകുന്നേൽ തോട്ടാപ്പുരയും കരസ്ഥമാക്കി.നീന്തൽ മത്സരത്തിന് വലിയ പൊതുജന പങ്കാളിത്തവും പ്രോത്സാഹനവും ലഭിച്ചു. കൈക്കരുത്തിന്റെ മത്സരമായ വെള്ളത്തിൽ വടംവലിയിൽ മുതിരപ്പുഴ ബോയ്സ് ഒന്നാം സമ്മാനവും എസ്എച്ച്ജി മാവിൻ ചുവട് രണ്ടാം സമ്മാനവും കരസ്ഥമാക്കി.

മത്സരങ്ങൾക്ക് ശേഷം നടന്ന സാംസ്‌ക്കാരിക സമ്മേളനം ജില്ലാ പഞ്ചായത്തംഗം നോബിൾ ജോസഫ് ഉദ്ഘാടനം ചെയ്തു. പി കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജോർജ്ജ് ജോസഫ്, ജോയൽ തോമസ്,പിഎസ് ശ്രീധരൻ,കെ റ്റി സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.ആഘോഷങ്ങളുടെ ഭാഗമായി നടന്ന വ്യത്യസ്തത നിറഞ്ഞ ജലമത്സരങ്ങൾ കല്ലാർകുട്ടി അണക്കെട്ടിലെ വിനോദ സഞ്ചാരത്തിനും മുതൽക്കൂട്ടാകുമെന്നാണ് ഹൈഡൽ ടൂറിസം വകുപ്പിന്റെയും കൾച്ചറൽ സെന്ററിന്റെയും പ്രതീക്ഷ .വരുംനാളുകളിൽ ഹൈറേഞ്ചിൽ ജലോത്സവങ്ങൾ നടത്താനുള്ള കൂടുതൽ സാദ്ധ്യതകളും തുറന്നാണ് ആഘോഷങ്ങൾക്ക് തിരശ്ശീല വീണത്.