ചെറുതോണി: ഭൂവിനിയോഗം സംബന്ധിച്ച ആഗസ്റ്റ് 22 ലെ ഉത്തരവിൽ ജനങ്ങൾക്കുണ്ടായ ആശങ്ക അകറ്റുന്നതിനും ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനും ഉടൻ മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തുമെന്ന് കർഷക സംഘം ജില്ലാ പ്രസിഡന്റ് സി.വി. വർഗീസ്, സെക്രട്ടറി എൻ.വി. ബേബി എന്നിവർ അറിയിച്ചു. മൂന്നാറിലെ ഭൂവിനിയോഗം സംബന്ധിച്ചാണ് ഉത്തരവിറക്കിയതെങ്കിലും ജില്ലയിലെ പലമേഖലകളെയും ബാധിക്കുന്ന തരത്തിലാണ് ഉത്തരവ് പുറത്തുവന്നിട്ടുള്ളത്. ഇക്കാര്യം സർക്കാരിനെ ബോദ്ധ്യപ്പെടുത്തും. ഭൂവിനിയോഗം ക്രമവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ മുന്നോട്ടു വെച്ചിട്ടുള്ള ചില നിർദ്ദേശങ്ങളും നിബന്ധനകളും സ്വാഗതാർഹമാണ്. എന്നാൽ മറ്റ് ചില നിർദ്ദേശങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ല. വാണിജ്യാവശ്യങ്ങൾക്കുള്ള ഭൂവിനിയോഗം സംബന്ധിച്ച അവ്യക്തത മാറ്റിയെടുക്കണം. 1964 ലെയും 93 ലെയും ചട്ടങ്ങൾ പ്രകാരം നൽകിയ ഭൂമി കാർഷികേതര ആവശ്യങ്ങൾക്കും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഉത്തരവിൽ പറയുന്ന ചില നിബന്ധനകൾ കർഷകരെ ദോഷകരമായി ബാധിക്കുന്നതാണ്. ഇടുക്കി ജില്ലയുടെ പ്രത്യേക സാഹചര്യം സർക്കാർ പരിഗണിക്കണം. ഇക്കാര്യം സർക്കാരിനെ ബോധ്യപ്പെടുത്തും. ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്ത് കർഷകർക്കെതിരായിട്ടുള്ള മുഴുവൻ ഉത്തരവുകളും പിൻവലിച്ച് കർഷക താൽപ്പര്യങ്ങൾ സംരക്ഷിച്ച സർക്കാരാണിത്. അതുകൊണ്ട് തന്നെ ഇക്കാര്യവും സർക്കാർ അനുഭവപൂർവ്വം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാരുമായുള്ള ചർച്ചയിൽ തീരുമാനമാകാതെ വന്നാൽ കർഷക സംഘം അതിശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.