തൊടുപുഴ: നഗരത്തിൽ സദാചാര ഗുണ്ടായിസത്തെതുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരെ ഇന്ന് അറസ്റ്റു ചെയ്‌തേക്കും. സംഘർഷത്തിനിടയിൽ തോളിൽ ആഴത്തിൽ കുത്തേറ്റ മലങ്കര പ്ലാന്റേഷൻ ചേലത്തിൽ ലിബിൻ ബേബി (27) കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അച്ചൻകവല ചിറയത്ത് വിനു (20) ലിബിനൊപ്പമുണ്ടായിരുന്ന മണക്കാട് പുതുപ്പരിയാരം വള്ളോംകല്ലേൽ അനന്തു (20), പെരുമ്പിള്ളിച്ചിറ കരിമ്പിലക്കോട്ടിൽ ശ്യാംലാൽ (31) എന്നിവർ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. ശനിയാഴ്ച വൈകുന്നേരം തൊടുപുഴ നഗരസഭ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. പതിനേഴുകാരിയായ പെൺകുട്ടിക്കൊപ്പം വിനു റോഡിലൂടെ സംസാരിച്ചു വരുന്നത് കണ്ട ലിബിനും ശ്യാംലാലും അനന്തുവും മദ്യപിച്ചെത്തി സദാചാര പോലീസ് ചമഞ്ഞ് ചോദ്യം ചെയ്തതാണ് സംഘർഷത്തിനിടയാക്കിയത്. സംഘർഷത്തിൽ ഉൾപ്പെട്ടവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ലിബിനും വിനുവിനുമെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സദാചാര പൊലീസ് ചമഞ്ഞവർക്കെതിരെ പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്.