palm-leaf

തൊടുപുഴ: കല്യാണവേദിക്ക് മുമ്പിലെ ഒരു പനയോലയിൽ മഞ്ഞ അക്ഷരത്തിൽ വലുതായി എഴുതിയിരിക്കുന്നു, 'സ്വാഗതം". അകത്തേക്ക് ചെന്നാലോ മാറാഞ്ചേമ്പിലകൾ കൊണ്ട് അലങ്കരിച്ച പന്തൽ. ഇലകളിൽ മനോഹരമായ വർണ ചിത്രങ്ങൾ. അതിഥികൾക്ക് കുടിക്കാൻ പ്ലാസ്റ്റിക് കുപ്പിക്ക് പകരം ചില്ലുഗ്ലാസിൽ നല്ല ചൂട് ചുക്ക് വെള്ളം. ഭക്ഷണം വിളമ്പിയത് പോഴ്‌സലീൻ പാത്രത്തിൽ, കഴുകിയശേഷം കൈ തുടയ്ക്കാൻ എല്ലാവർക്കും തുണി തൂവാലകൾ, ഐസ്‌ക്രീമുകൾക്ക് സ്റ്റീൽ കപ്പുകളും സ്പൂണുകളും ... ഇങ്ങനെ നീളുന്നു ഹരിത മാംഗല്യത്തിന്റെ പ്രത്യേകതകൾ.

കുമാരമംഗലം കാഞ്ഞിരക്കാട്ട് റിട്ട. കൃഷി ഓഫീസർ കെ.കെ. ശ്രീകുമാറിന്റെയും ഉഷയുടെയും മകൻ ശ്രീജേഷിന്റെ വിവാഹ സത്കാരമാണ് സർവം ഹരിതമയമായത്. ഭക്ഷ്യാവശിഷ്ടം ജൈവ വളമാക്കുന്നതിന് കമ്പോസ്റ്റ് പിറ്റും നിർമ്മിച്ചിരുന്നു. പേപ്പർ ഗ്ലാസോ, ന്യൂസ് പ്രിന്റോ, പേപ്പർകപ്പുകളോ ലെഡ് ഉൾപ്പടെയുള്ള മാരകമായ വിഷം മണ്ണിലെത്തിക്കുന്ന ടിഷ്യു പേപ്പറുകളോ ഉപയോഗിച്ചില്ല. ശ്രീകുമാർ സ്വന്തം നിലയിലും സുഹൃത്തുക്കളുടെ സഹായത്തോടെയും പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം തേടിപ്പിടിച്ച് വിവാഹത്തിന് കണ്ടെത്തുകയായിരുന്നു.

leaf

ഇത്തരത്തിൽ സംവിധാനങ്ങളൊരുക്കിയതിനാൽ വിവാഹശേഷം മിച്ചം വന്ന ഭക്ഷണവും പ്ലാസ്റ്റിക് ഡിസ്‌പോസിബിളുകളടക്കമുള്ള മാലിന്യവും ഒഴിവാക്കാൻ ക്വട്ടേഷൻകാരെ തേടേണ്ട സ്ഥിതിയുണ്ടായില്ല. ഗ്രീൻപ്രോട്ടോക്കോളിലൂടെ പൂർണ മാലിന്യമുക്തമായി വിവാഹസത്കാരം നടത്തണമെന്ന ശ്രീകുമാറിന്റെ ആഗ്രഹം ജില്ലാ ഹരിതകേരളം മിഷൻ കോ- ഓർഡിനേറ്റർ ഡോ. ജി.എസ്. മധുവിനോട് സാന്ദർഭികമായി പങ്കുവെച്ചതിനെ തുടർന്നാണ് പ്രകൃതി സൗഹൃദ വിവാഹത്തിന് അരങ്ങൊരുങ്ങിയത്.

' 'നോ കോസ്റ്റ് നോ വേസ്റ്റ് ' വിവാഹമായിരുന്നു നടത്തിയത്. നിരവധിപ്പേർ ഫോണിൽ ബന്ധപ്പെട്ട് ഇക്കാര്യം സംസാരിച്ചു. എല്ലാവരും അനുമോദിച്ചു. അത് വലിയ സന്തോഷമാണ് നൽകിയത്.

- ശ്രീകുമാർ

കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ആന്റണിയുടെ മകൾ മീനുവിന്റെ വിവാഹവും ഹരിതാഭമായിരുന്നു. ഡിസ്‌പോസിബിളുകൾ പൂർണമായി ഒഴിവാക്കി വെൽക്കം ഡ്രിങ്കായി കരിങ്ങാലിവെള്ളം ചില്ലു ഗ്ലാസുകളിലാണ് നൽകിയത്. ഭക്ഷണം വിളമ്പിയത് നല്ല പോഴ്‌സലീൻ പാത്രങ്ങളിൽ. ഐസ്‌ക്രീമും പുഡ്ഡിംഗും ഉൾപ്പടെയുള്ള ഡെസേർട്ടുകളും വിളമ്പിയത് പ്രകൃതിസൗഹൃദമായിത്തന്നെ.