anaz

തൊടുപുഴ: മദ്യലഹരിയിൽ കലുങ്കിലിരുന്ന് സംസാരിക്കുന്നതിനിടെ കനാലിലേക്ക് വീണ് യുവാവ് മരിച്ചു. ഇടവെട്ടി വഴിക്കൽപുരയിടത്തിൽ അനസാണ് (40) മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ഇടവെട്ടി ബാങ്ക് ജംഗ്ഷനിലായിരുന്നു സംഭവം. അനസ് സുഹൃത്തുക്കളായ മൻസൂർ, റഷീദ് എന്നിവർക്കൊപ്പം മദ്യപിച്ച ശേഷം റോഡരികിൽ കനാലിന് മീതെയുള്ള കലുങ്കിലിരുന്ന് സംസാരിക്കുകയായിരുന്നു. അനസിന്റെ പിതാവിന്റെ ജ്യേഷ്ഠന്റെ മകൻ കൂടിയാണ് മൻസൂർ. മൂവരും സംസാരിച്ചുപിരിയുന്നതിനിടെ അനസ് അബദ്ധത്തിൽ പിന്നിലെ കനാലിലേക്ക് വീഴുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ അനസിനെ കനാലിൽ നിന്ന് കരയ്ക്കുകയറ്റി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാര്യമായി വെള്ളമില്ലാതിരുന്ന കനാലിൽ തല കുത്തിയുള്ള വീഴ്ചയിൽ കഴുത്തൊടിഞ്ഞ് ഗുരുതരമായി പരിക്കേറ്റിരുന്നു. അസ്വാഭാവിക മരണത്തിന് തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം തൊടുപുഴ നൈനാർ പള്ളിയിൽ ഖബറടക്കി. കൂലിപ്പണിക്കാരനായ അനസ് ഇടവെട്ടി പഞ്ചായത്ത് ഓഫീസിന് സമീപം വാടകവീട്ടിലാണ് താമസം. ഭാര്യ: ഷാജിത പെരുമ്പിള്ളിച്ചിറ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: നിത ഫാത്തിമ, മുഹമ്മദ് സിനാൻ, മെഹറിൻ .