തൊടുപുഴ: ഇടിമിന്നലേറ്റ് മോട്ടോറിന്റെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് മുൻസിപ്പൽ പൊതു ശ്മശാനത്തിലെ ഫർണസിൽ കുടുങ്ങിയ വയോധികയുടെ മൃതദേഹം ഒരു ദിവസത്തിന്ശേഷം സംസ്ക്കരിച്ചു.തൊടുപുഴ നഗരസഭയുടെ ഉടമസ്ഥതയിൽ മുണ്ടേക്കല്ലിലുളള ആധുനിക രീതിയിലുളള ശാന്തിതീരം ഇലക്ട്രോണിക്സ് ശ്മശാനത്തിൽ കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ എത്തിച്ച വയോധികയുടെ മൃതദേഹം സംസ്ക്കരിക്കുന്നതിനിടയിൽ ശക്തമായ ഇടിമിന്നലേറ്റ് ശ്മശാനത്തിലെ മോട്ടോറിന്റെ പ്രവർത്തനം നിലച്ചു. ഇതോടെ സംസ്ക്കരിക്കാൻ കഴിയാതെ ഫർണസിൽ കുടുങ്ങുകയും ചെയ്തിരുന്നു.മൃതദേഹം ഫർണസിൽ കയറ്റി അര മണിക്കൂറിന് ശേഷമാണ് ശക്തമായ ഇടിമിന്നലേറ്റ് 5 എച്ച് പി മോട്ടറിന്റെ പ്രവർത്തനം നിലച്ചത്. മൃതദേഹം പാതി വെന്തതിനാൽ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകാൻ കഴിയുമായിരുന്നില്ല.ശ്മശാനത്തിൽ മറ്റൊരു ഫർണസ് പ്രവർത്തിന സജ്ജമായിരുന്നെങ്കിലും മോട്ടോർ തകരാറിലായതിനാൽ അതിനും കഴിഞ്ഞില്ല.ജീവനക്കാർ സംഭവം നഗരസഭ ചെയർ പേഴ്സൺ ജെസി ആന്റണിയെ അറിയച്ചതിനെ തുടർന്ന് ഫർണസ് സ്ഥാപിച്ച പത്തനംതിട്ടയിലുളള ഏജൻസിയെ ബന്ധപ്പെട്ടെങ്കിലും അവധി ദിവസമായതിനാൽ ഏജൻസിയുടെ സേവനം ലഭിച്ചില്ല.എന്നാൽ ഇന്നലെ രാവിലെ ഏജൻസിയുടെ ടെക്നീഷ്യൻമാരെത്തി മോട്ടോർ മാറ്റി വെച്ചാണ് മൃതദേഹം സംസ്ക്കരിച്ചത്
അറ്റകുറ്റപ്പണിക്ക് കരാർ
2013മുതൽ രണ്ട് ഘട്ടങ്ങളിലായിട്ടാണ് നഗരസഭയുടെ ശാന്തി തീരം ആധുനിക ശ്മശാനം പൂർത്തീകരിച്ചത്.ഇതിന്റെ പ്രവർത്തനത്തിന് 5 എച്ച് പിയുടേയും 7 എച്ച് പിയുടേയും രണ്ട് മോട്ടോറുകളും സ്ഥാപിച്ചിട്ടുമുണ്ട്.ശ്മശാനത്തിന്റേയും അനുബന്ധ ഉപകരണങ്ങളുടെയും അറ്റകുറ്റ പണികൾക്കായി ശ്മശാനം സ്ഥാപിച്ച ഏജൻസി നഗരസഭക്ക് മൂന്ന് വർഷത്തെ കരാറാണ് നൽകിയിരിക്കുന്നത്.ഇതിനായി ഓരോ മൂന്ന് മാസവും 43,000 രൂപ വീതം നഗരസഭ ഏജൻസിക്ക് നൽകണമെന്നാണ് വ്യവസ്ഥ.