നെടുങ്കണ്ടം/ ഇടുക്കി: ചിന്നക്കനാലിലെ സർക്കാർഭൂമി വ്യാജരേഖകൾ ഉപയോഗിച്ച് കൈവശപ്പെടുത്തിയ കേസിൽ മന്ത്രി എം.എം. മണിയുടെ സഹോദരൻ എം.എം. ലംബോദരനും കുടുംബാംഗങ്ങൾക്കുമെതിരെ ക്രൈം ബ്രാഞ്ച് നെടുങ്കണ്ടം കോടതിയിൽ കുറ്റപത്രം നൽകി.

മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും റവന്യൂ ഉദ്യോഗസ്ഥരുമടക്കം 22 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ലംബോദരൻ രണ്ടാംപ്രതിയും ലംബോദരന്റെ ഭാര്യാസഹോദരനായ പി.എ. രാജേന്ദ്രൻ ഒന്നാം പ്രതിയുമാണ്. പ്രതികളിൽ പന്ത്രണ്ടു പേർ റവന്യൂ ഉദ്യോഗസ്ഥരാണ്. ബാക്കിയുള്ളവർ ഭൂമി കൈവശപ്പെടുത്തിയവരും വ്യാജ രേഖ ചമക്കാൻ സഹായിച്ചവരുമാണ്. പ്രതികളായ അഞ്ചു റവന്യൂ ജീവനക്കാർ മരിച്ചു പോയി.

ചിന്നക്കനാലിലെ വേണാട്ടുതാവളത്ത് 3.98 ഏക്കർ സർക്കാർ ഭൂമി വ്യാജരേഖ ഉപയോഗിച്ച് പ്രതികൾ സ്വന്തമാക്കിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. റവന്യൂ രേഖകളിൽ കൃത്രിമം കാണിച്ച് സർക്കാർ ഭൂമി പട്ടയഭൂമിയാണെന്ന് വരുത്തിയാണ് മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും കോടിക്കണക്കിന് രൂപ വില മതിക്കുന്ന ഭൂമി സ്വന്തമാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ക്രമക്കേടിനായി വില്ലേജ് ഓഫീസിലെ രേഖകൾ കീറിമാറ്റിയെന്നും കുറ്റപത്രത്തിലുണ്ട്. 2004- 05 കാലയളവിൽ നടന്ന ക്രമക്കേടിനെ കുറിച്ച് 2007ൽ വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ നടന്ന മൂന്നാർ ദൗത്യകാലത്താണ് ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. 12 വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.