തൊടുപുഴ: ഭൂവിനിയോഗം സംബന്ധിച്ച് ആഗസ്റ്റ് 22ലെ സർക്കാർ ഉത്തരവ് ഇടുക്കിയിലെ ജനങ്ങളിൽ ഉണ്ടാക്കിയ ആശങ്കകൾ പരിഹരിക്കാൻ ആവശ്യമായനടപടികൾ സ്വീകരിക്കണമെന്നും ആവശ്യമായ ഭേദഗതികൾവരുത്തണമെന്നും സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ഉത്തരവിൽ നിന്ന് ആനവിലാസം വില്ലേജിനെ പൂർണമായുംഒഴിവാക്കണം. ഇടുക്കിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ടൂറിസംസോണുകൾ പ്രഖ്യാപിച്ച് കർശനമായ നിർമ്മാണ നിയന്ത്രണങ്ങൾഏർപ്പെടുത്തണം. 1964 ലെ ഭൂപതിവ് ചട്ടങ്ങളിലും 93 ലെ ചട്ടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തണം. ഭൂമിക്രമപ്പെടുത്തൽ ഉത്തരവിന്റെ മറവിൽ മൂന്നാർ മേഖലയിൽ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമികൾനിരുപാധികം പതിച്ചു നൽകരുത്. സർക്കാർ ക്രമപ്പെടുത്താൻഉദ്ദേശിക്കുന്ന വാസഗൃഹത്തിന്റെയും അനുബന്ധ സ്ഥലത്തിന്റെയും അളവ് പുനർനിശ്ചയിക്കണം. അനധികൃത നിർമാണങ്ങൾ ഏറ്റെടുത്തുകൊണ്ട് അത് പാട്ടത്തിനുനൽകാനുള്ള തീരുമാനം ഭൂമാഫിയകളെ സഹായിക്കാൻ കാരണമാകരുത്. തോട്ടംതൊഴിലാളികളുടെ താമസത്തിനുള്ള ലയങ്ങൾ അടക്കമുള്ള നിർമാണങ്ങളെ എൻഒസിയിൽ നിന്നും ഒഴിവാക്കണമെന്നും പ്ലാന്റേഷൻ ആക്ട് അനുസരിച്ചുള്ളനിർമാണങ്ങൾക്ക് തടസ്സം ഉണ്ടാക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.മൂന്നാർ ടൗൺ ഷിപ്പെന്ന ആശയം സി.പി.ഐക്ക് അംഗീകരിക്കാൻ കഴിയില്ല.മാത്രമല്ല മൂന്നാറിലെ പ്രകൃതിയെയും ടൂറിസത്തെയും സംരക്ഷിക്കാൻ കഴിയുന്നതരത്തിലുള്ള പ്രായോഗിക വികസനം ആസൂത്രണം ചെയ്യണം. സർക്കാർ ഉത്തരവ്2010ലെ ഹൈക്കോടതി ഉത്തരവിന് ശേഷമുള്ള നിർമാണങ്ങൾക്കാണ് ബാധകമെന്നതും വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.എ. ഏലിയാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സി.എ. കുര്യൻ പങ്കെടുത്തു.