തൊടുപുഴ: നഗരത്തിൽ സദാചാര ഗുണ്ടായിസം നടത്തിയ കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മണക്കാട് പുതുപ്പരിയാരം വള്ളോംകല്ലേൽ അനന്തു (20), പെരുമ്പിള്ളിച്ചിറ കരിമ്പിലക്കോട്ടിൽ ശ്യാംലാൽ (31) എന്നിവരെയാണ് എസ്‌.ഐ എം.പി. സാഗറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇരുവർക്കുമെതിരെ പോക്‌സോ കേസും ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മലങ്കര പ്ലാന്റേഷൻ ചേലത്തിൽ ലിബിൻ ബേബി (27), തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അച്ചൻകവല ചിറയത്ത് വിനു പ്രകാശൻ (20) എന്നിവരെ ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യും. ഇരുവർക്കുമെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിനിടയിൽ ലിബിനെ വിനു കത്തിയ്ക്ക് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വിനുവിന്റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് കുത്തിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ശനിയാഴ്ച വൈകിട്ട് തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. പതിനേഴുകാരിയായ പെൺകുട്ടിക്കൊപ്പം വിനു റോഡിലൂടെ സംസാരിച്ചു വരുന്നത് കണ്ട ലിബിനും ശ്യാംലാലും അനന്തുവും മദ്യപിച്ചെത്തി സദാചാര പൊലീസ് ചമഞ്ഞ് ചോദ്യം ചെയ്തതാണ് സംഘർഷത്തിനിടയാക്കിയത്. ആക്രമണത്തിൽ ലിബിന്റെ തോളിൽ ആഴത്തിൽ കത്തി തറച്ചു കയറിയിരുന്നു. കല്ലു കൊണ്ടുള്ള ഇടിയേറ്റ് വിനുവിന്റെ തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.