നെടുങ്കണ്ടം: കേരളത്തിൽ നിന്നു തൊഴിലാളികളുമായി തമിഴ്നാട്ടിലെ തേനിയിലേക്ക് പോയ ജീപ്പ് മറിഞ്ഞ് മൂന്നു പേർ മരിച്ചു. ബോഡിനായ്ക്കന്നൂർ സ്വദേശികളായ കണ്ണൻ (40), ധനലക്ഷ്മി (45), ബോഡി മുന്തൽ സ്വദേശി അന്നക്കിളി (68) എന്നിവരാണ് മരിച്ചത്. ജീപ്പിൽ ഉണ്ടായിരുന്ന നാല് സ്ത്രീകളെ ഗുരുതര പരിക്കേറ്റ് തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡ്രൈവർ മുകേശ്വരൻ (25) ഉൾപ്പെടെ 23 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ബോഡിനായ്ക്കന്നൂരിലെ സർക്കാർ ആശുപത്രിയിലും തേനി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെ ആണ് ബി എൽറാമിലെ ഏലത്തോട്ടത്തിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വന്ന വാഹനം അപകടത്തിൽ പെട്ടത്. ബോഡിമെട്ട് ചുരം ഇറങ്ങി വരുമ്പോൾ പുലിക്കുത്ത് കാറ്റാടിപ്പാറയ്ക്കു സമീപം വച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. ഹെയർപിൻ വളവുകൾ നിരവധിയുള്ള പ്രദേശത്താണ് ജീപ്പിന്റെ നിയന്ത്രണം നഷ്ടമായത്. വാഹനം തലകീഴായി 100 മീറ്റർ താഴെയുള്ള റോഡിലേക്ക് വീണു. ഇതു വഴി എത്തിയ മറ്റ് വാഹനങ്ങളിലെ യാത്രക്കാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.