തൊടുപുഴ : സർക്കാർ ഭൂമി കൈയ്യേറി വ്യാജപട്ടയം നിർമ്മിച്ച കേസിൽ ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ മന്ത്രി എം.എം.മണിയെ പാലാ ഉപതെരഞ്ഞെടുപ്പ് ചുമതലയിൽ നിന്നും ഒഴിവാക്കി രാഷ്ട്രീയ ധാർമ്മികതയുണ്ടെന്ന് തെളിയിക്കണമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇതേ വിവാദമായ സ്ഥലത്തെ ഭൂമിയിൽ ദൗത്യസംഘം പ്രവേശിക്കുമെന്ന് ശങ്കിച്ചാണ് കൈയ്യേറ്റമൊഴിപ്പിക്കാൻ വരുന്നവന്റെ കാൽ വെട്ടുമെന്ന് എം.എം.മണി അന്ന് പറഞ്ഞത്. ആവശ്യമില്ലാത്തത് ചോദിച്ചാൽ സ്വഭാവം മാറുമെന്ന മന്ത്രിയുടെ നിലപാട് ജനാധിപത്യത്തിന് ചേർന്നതല്ല, മന്ത്രി എം.എം.മണി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേവികുളം താലൂക്കിലെ ഭൂമി കൈയ്യേറ്റത്തെ സംബന്ധിച്ച് വിശദമായി അന്വേഷിച്ചാൽ മന്ത്രി എം.എം.മണിയുടെ പങ്ക് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.