ഇടുക്കി: ജില്ലയിലെ സർക്കാർ/ എയ്ഡഡ്/ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ 2019-20 അദ്ധ്യയന വർഷത്തിൽ പോസ്റ്റ്‌മെട്രിക് കോഴ്‌സിന് പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്വകാര്യ താമസാനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ സർക്കാർ/ അംഗീകൃത ഹോസ്റ്റലിലോ വകുപ്പിന്റെ ഹോസ്റ്റലിലോ സ്ഥാപനത്തിന്റെ ഹോസ്റ്റലിലോ പ്രവേശനം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിച്ചിട്ട് പ്രവേശനം ലഭിക്കാത്തവർ ആയിരിക്കണം. മാസം 4500 രൂപ നിരക്കിൽ പരമാവധി 10 മാസത്തേക്കാണ് ആനുകൂല്യം. വകുപ്പിന് കീഴിലുള്ള പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലെ പ്രവേശന മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും വിദ്യാർത്ഥികളെ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 2.50 ലക്ഷം രൂപയോ അതിന് താഴെയോ ആയിരിക്കണം. അംഗപരിമിതർക്ക് പ്രത്യേക പരിഗണന ലഭിക്കും. അപേക്ഷാഫോറം ജില്ലാ പട്ടികജാതി വികസന ഓഫീസ് ഇടുക്കി, മൂലമറ്റം ഓഫീസിൽ ലഭിക്കും. അപേക്ഷയോടൊപ്പം ജാതി, കുടുംബവാർഷിക വരുമാനം, നേറ്റിവിറ്റി , പഠിക്കുന്ന കോഴ്‌സ്, വർഷം, കോഴ്‌സ് ആരംഭിച്ച തീയതി എന്നിവ അടങ്ങിയ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, അംഗപരിമിതർ ആയത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രൈവറ്റ് ഹോസ്റ്റലിൽ താമസിച്ച് വരുന്നുവെന്ന് ഹോസ്റ്റൽ അധികൃതരുടെ സാക്ഷ്യപത്രം, ഹോസ്റ്റൽ ഫീസ് അടച്ച രസീത് എന്നിവ സഹിതം അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 30. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 252003.