ചെറുതോണി:സംസ്ഥാന പൊലീസ് മേധാവിയുടെ ജില്ലാ പര്യടനത്തിന്റെ പേരിൽ നിൽക്കകള്ളിയില്ലാതെ പായുകയാണ് ജില്ലയിലേ ഒരോ പൊലീസ് സ്റ്റേഷനുകളിലെയും ഹൗസ് ഓഫീസർമാർ. സ്റ്റേഷൻ പെയിന്റടിക്കുക, പൂന്തോട്ടം വച്ചു പിടിപ്പിക്കുക, കർട്ടണും വിരിയും മാറ്റുക എന്നതിന് പുറമേ കസേരകൾ ഉൾപ്പെടെയുള്ള ഫർണ്ണിച്ചറുകൾ വാങ്ങേണ്ട ചുമതലയും ഉന്നത ഉദ്യോഗസ്ഥർ കീഴുദ്യോഗസ്ഥർക്ക് വീതിച്ചു നൽകിയിരിക്കുകയാണ്. 25നാണ് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്ര ഇടുക്കി കളക്ട്രേറ്റിൽ അദാലത്തിന് എത്തുന്നത്. പൊതുജനങ്ങളിൽ നിന്നും പരാതികൾ നേരിട്ടു വാങ്ങുന്നതിനായാണ് ഡി.ജി.പി എത്തുന്നത് . ഇതോടൊപ്പം ജില്ലയിലെ ചില പൊലീസ് സ്റ്റേഷനുകളിലും അദ്ദേഹം സന്ദർശനം നടത്തും. എന്നാൽ ഏത് സ്‌റ്റേഷനിലാണ് അദ്ദേഹം എത്തുന്നതെന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് ജില്ലയിലെ എല്ലാ സ്റ്റേഷനുകളും മോഡി പിടിപ്പിക്കുവാൻ മേലുദ്യോഗസ്ഥർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ ചുമതലപെടുത്തിയിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ മെയിന്റനൻസിനായി ഡിപ്പാർട്ട് മെന്റിൽ നിന്നു ഫണ്ട് നൽകിയിട്ടുമില്ല. സ്വന്തം നിലയിൽ അതുമല്ലെങ്കിൽ സഹപ്രവർത്തകരിൽ നിന്നോ സ്ഥലത്തെ പ്രമാണിമാരിൽ നിന്നോ സംഭാവന സ്വീകരിച്ചാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ മാർ ഇത്തരം നിർമ്മാണങ്ങൾ നടത്തുന്നത്. ഓഫീസ്, സ്റ്റേഷൻ മെയിന്റനൻസിനു മൊന്നും സർക്കാരിൽ നിന്നും വേണ്ട സഹായം ലഭിക്കുന്നില്ല.