തൊടുപുഴ: കാഞ്ഞാർ വാഗമൺ ജംഗ്ഷന് സമീപം കേരളാ ഗ്രാമീൺ ബാങ്കിന്റെ എ.ടി.എം തകർത്ത് മോഷണശ്രമം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം ആറ് പേരും പൊലീസ് പിടിയിലായി. കോടിക്കുളം വെള്ളംചിറ കുന്നുംപുറത്ത് ഷിജിൻ (28), ഇടപള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന വാഴത്തോപ്പ് പേപ്പാറ കുന്നുംപുറത്ത് അഭിജിത് (20), അങ്കമാലി വാപ്പാലശേരി പോക്കയിൽ വീട്ടിൽ ഏലിയാസ് (19), അങ്കമാലി റെയിൽവേ കോളനി ചീരേത്ത് വീട്ടിൽ മനു (23), രണ്ട് 17 കാരന്മാരുമാണ് പിടിയിലായത്. ഇതിൽ ഒരു കൗമാരക്കാരൻ അഭിജിത്തിന്റെ അനിയനാണ്. മറ്റൊരാൾ പ്ലസ്ടു വിദ്യാർത്ഥിയുമാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ബാറ്ററി മോഷ്ടിച്ച കേസിൽ അഭിജിതും മനുവിന്റെ അനിയനും ഒരുമിച്ച് ജയിലിൽ കഴിഞ്ഞപ്പോഴുണ്ടായ ബന്ധമാണ് പ്രതികളെ ഒന്നിപ്പിച്ചത്. മോഷണം മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രതികൾ 12ന് മൂന്ന് ബൈക്കുകളിലായി അങ്കമാലിയിൽ നിന്നും ഇടപ്പള്ളിയിൽ നിന്നും തൊടുപുഴയിലെത്തി. ഒളമറ്റത്ത് ബൈക്ക് വെച്ച ശേഷം കോടിക്കുളം സ്വദേശി ഷിജിന്റെ വെള്ള ആൾട്ടോ കാറിൽ പ്രതികൾ ഒരുമിച്ച് കാഞ്ഞാറിലേക്ക് പോയി. കാഞ്ഞാറിലെ ഒരു വർക്ക് ഷോപ്പിന്റെ ഗേറ്റ് ചാടി കടന്ന് കവർച്ച നടത്തുന്നതിനുള്ള ഇരുമ്പു കമ്പിയും ചുറ്റികയും മോഷ്ടിച്ചു. ഇതിന് ശേഷം അറക്കുളത്തെ ബിവറേജസ് ഔട്ട്‌ലെറ്റ് മോഷ്ടിക്കാനാണ് ആദ്യം ലക്ഷ്യമിട്ടത്. എന്നാൽ ഇവിടെ സെക്യൂരിറ്റിയുള്ളതിനാൽ പദ്ധതി ഉപേക്ഷിച്ചു. തുടർന്നാണ് കാഞ്ഞാർ വാഗമൺ ജംഗ്ഷനിലുള്ള കേരള ഗ്രാമീൺ ബാങ്കിന്റെ എ.ടി.എം കൗണ്ടർ ലക്ഷ്യമിട്ടത്. പുലർച്ചെ രണ്ടുമണിയോടെ സ്ഥലത്തെത്തിയ പ്രതികളിൽ മൂന്നു പേർ കാറിലും മറ്റ് സ്ഥലങ്ങളിലുമായി നിന്ന് ആരെങ്കിലും വരുന്നുണ്ടോയെന്ന് നിരീക്ഷിച്ചു. മുഖം മറച്ച രണ്ടുപേർ ആദ്യം സി.സി ടി.വി കാമറ തകർത്ത ശേഷം എ.ടി.എം കുത്തിത്തുറക്കാൻ ശ്രമിച്ചു. ഈ സമയം ഒരാൾ പുറത്തുനിന്ന് പരിസരം വീക്ഷിച്ച് മറ്റുള്ളവർക്ക് നിർദേശം നൽകി. എ.ടി.എം മെഷീന്റെ കവർ പൊട്ടിച്ച് സ്‌ക്രീൻ തകർത്തെങ്കിലും പണമടങ്ങിയ ബോക്‌സ് തുറക്കാനായില്ല. തുടർന്ന് തൊടുപുഴ ചുങ്കം ബിവറേജസിലെത്തിയെങ്കിലും ഇവിടെയും രണ്ട് സെക്യൂരിറ്റികാരുള്ളതിനാൽ മോഷണം നടത്താതെ തിരിച്ചുപോയി. തിരുവോണ ദിവസം രാത്രി പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഭിത്തിതുരന്ന് അമ്പതിനായിരം രൂപയുടെ സാധനങ്ങളടക്കം മോഷ്ടിച്ച സംഭവത്തിൽ പിടിയിലായ പ്രതികൾക്ക് പങ്കില്ലെന്നും ഈ കേസിൽ അന്വേഷണം നടക്കുകയാണെന്നും ഡിവൈ.എസ്.പി കെ.പി ജോസ് പറഞ്ഞു.
നിർണായകമായത് കാറും കാമറയും
സമീപ പ്രദേശങ്ങളിലെ വീടുകളുടെയും കടകളുടെയും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചവയിൽ നിന്നാണ് ഒരു വെള്ള ആൾട്ടോ കാറിലാണ് മോഷണ സംഘമെത്തിയതെന്ന് പൊലീസിന് വ്യക്തമായത്. ഈ കാറിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് കോടിക്കുളം സ്വദേശി ഷിജിന്റേതാണ് കാറെന്ന് വിവരം ലഭിക്കുന്നത്. ഷിജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിലാണ് കവർച്ചാശ്രമം പുറത്താകുന്നത്. തുടർന്ന് മറ്റു പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷണത്തിന് ഉപയോഗിച്ച കമ്പിപ്പാര, ചുറ്റിക, കാമറ അലാം, മോഷണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് പ്രതികളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു.
അഞ്ച് ദിവസത്തിനകം കുടുക്കി
മോഷണം നടന്ന് അഞ്ച് ദിവസത്തിനകം തന്നെ പ്രതികളെയെല്ലാം പിടികൂടാനായത് പൊലീസിന്റെ നേട്ടമായി. തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസിന്റെ നേതൃത്വത്തിൽ കാഞ്ഞാർ സി.ഐ അനിൽ കുമാർ, എസ്.ഐ സിനോദ്, തൊടുപുഴ സി.ഐ സജീവ് ചെറിയാൻ, എസ്.ഐ എം.പി സാഗർ, കരിമണ്ണൂർ എസ്.ഐ പി.ടി ബിജോയ്, കാളിയാർ എസ്.ഐ വിഷ്ണുകുമാർ, എ.എസ്.ഐ സനൂപ്, സി.പി.ഒമാരായ ഷംസ്, സിബി ജോർജ്, ബിജു, സുനി എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾ സ്ഥിരം മോഷ്ടാക്കൾ
എറണാകുളം ജില്ലയിലെ നിരവധി കഞ്ചാവ്, വാഹനമോഷണക്കേസുകളിൽ പ്രതികളാണ് അങ്കമാലിയിൽ നിന്ന് പിടിയിലായവർ. അടിമാലി ടൗണിലെ മൊബൈൽ ഫോൺ കട കുത്തിതുറന്ന് രണ്ട് ലക്ഷത്തിലേറെ രൂപയുടെ മൊബൈൽ ഫോണുകളും ഉപകരണങ്ങളും മോഷ്ടിച്ച കേസിൽ കഴിഞ്ഞ ദിവസം മനുവടക്കമുള്ള പ്രതികൾ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഈ കേസിൽ മനുവും ഒരു കൗമാരക്കാനും അങ്കമാലിയിൽ റിമാൻഡിലാണ്.