മുട്ടം: ജില്ലാ ജയിലിലേക്ക്‌ പമ്പിങ്ങ് പുനരാരംഭിച്ചു. മലങ്കര ജലാശയത്തിൽ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് ജയിലിലേക്ക് വെള്ളം എത്തുന്നതിന് തടസം നേരിട്ടിരുന്നു. ജയിലേക്ക് വാട്ടർ അതോറിറ്റിയുടെ കണക്ഷൻ ഇല്ലാത്തതിനാൽ ഈ സമയങ്ങളിൽ ജയിലിൽ ജല ദൗർലഭ്യം ഏറെ പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്.ജയിലിൽ തടവുകാർക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് പുറമെ നിന്നാണ് വെള്ളം എത്തിച്ചിരുന്നത്. മലങ്കര അണക്കെട്ടിന്റെ തീരത്ത് മാത്തപ്പാറയിൽ സ്ഥാപിച്ച കിണറ്റിൽ നിന്നാണ് ജയിലിലേക്ക് വെള്ളം എത്തിക്കുന്നത്.മലങ്കര അണക്കെട്ടിൽ ജോലികൾ നടത്തുന്നതിന് വേണ്ടി ഒരു മാസക്കാലം അണക്കെട്ടിൽ വെള്ളം ഗണ്യമായി കുറച്ചിരുന്നു. ഇതേ തുടർന്ന് ജയ്ലിലേക്കും പ്രാദേശിക സ്ഥലങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്നതിന് തടസ്സം നേരിട്ടിരുന്നു.പമ്പിങ്ങ് പുനരാരംഭിച്ചപ്പോൾ ഹൗസിനോട് ചേർന്നുള്ള കിണറിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ക്ലോറിനേഷൻ നടത്തി. ഇവിടെ നിന്നുള്ള വെള്ളത്തിൽ മാലിന്യം കലരുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. ഇതിന്റെ തുടർന്ന് കാക്കനാട് ലാബിൽ ജലം പരിശോധിച്ചെങ്കിലും മാലിന്യത്തിന്റെ അംശങ്ങൾ കണ്ടെത്താനായില്ലെന്ന് ആരോഗ്യ വകുപ്പധികൃതർ പറഞ്ഞു.